ഈ വര്‍ഷത്തെ ഇന്ത്യയിലെ മികച്ച കാറിനുള്ള പുരസ്‌കാരം സ്വിഫ്റ്റിന് !

single-img
27 December 2018

ഈ വര്‍ഷം ഇന്ത്യയില്‍ പുറത്തിറങ്ങിയ ഏറ്റവും മികച്ച കാറിനുള്ള പുരസ്‌കാരമായ ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയര്‍ 2019 പുരസ്‌കാരം സ്വന്തമാക്കി മാരുതി സുസുക്കി സ്വിഫ്റ്റ്. പതിനെട്ട് ഓട്ടോമോട്ടീവ് ജേണലിസ്റ്റുകള്‍ ചേര്‍ന്നാണ് പതിനാലാമത് എഡിഷന്‍ ICOTY വിജയിയെ തിരഞ്ഞെടുത്തത്.

മൂന്നാംതലമുറ സ്വിഫ്റ്റാണ് ഇപ്പോള്‍ നിരത്തിലുള്ളത്. നേരത്തെ 2006ല്‍ ഒന്നാംതലമുറ മോഡലിനും 2012ല്‍ രണ്ടാംതലമുറ സ്വിഫ്റ്റിനും മികച്ച കാറിനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. ഹ്യുണ്ടായ് സാന്‍ട്രോ, മാരുതി എര്‍ട്ടിഗ, ഹോണ്ട അമേസ്, ടൊയോട്ട യാരിസ്, മഹീന്ദ്ര മരാസോ, മഹീന്ദ്ര ആള്‍ടൂറാസ്, ഹോണ്ട സിആര്‍വി എന്നീ കാറുകളോട് മത്സരിച്ചാണ് സ്വിഫ്റ്റ് ഒന്നാമതെത്തിയത്.

ആഴ്ചകള്‍ക്ക് മുമ്പ് ഹ്യുണ്ടായ് അവതരിപ്പിച്ച സാന്‍ട്രോയാണ് സ്വിഫ്റ്റിന് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്ത്. ഹോണ്ട അമേസ് മൂന്നാം സ്ഥാനത്തെത്തി. ഈ വര്‍ഷത്തെ മികച്ച ആഡംബര കാറിനുള്ള പ്രീമിയം കാര്‍ ഓഫ് ദി ഇയര്‍ അവര്‍ഡ് വോള്‍വോയുടെ XC40 മോഡലിനാണ്.

കഴിഞ്ഞ ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് പുതിയ സ്വിഫ്റ്റിന്റെ ഔപചാരിക അരങ്ങേറ്റം നടന്നത്. ഡ്രൈവ് മികവിനും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കി അഞ്ചാം തലമുറ ഹെര്‍ടെക് പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. സുരക്ഷയ്ക്കായി എബിഎസ് എയര്‍ബാഗുകള്‍ അടിസ്ഥാന വകഭേദം മുതല്‍ നല്‍കിയിട്ടുണ്ട്.

ഏറ്റവും വേഗത്തില്‍ ഒരുലക്ഷം ബുക്കിങ് സ്വന്തമാക്കിയ വാഹനം എന്ന റെക്കോഡ് പുതിയ സ്വിഫ്റ്റിനൊപ്പമാണ്. പുറത്തിറങ്ങി 10 ആഴ്ച പിന്നിട്ടപ്പോഴേക്കും ഒരു ലക്ഷം ആളുകള്‍ ഈ വാഹനം ബുക്കുചെയ്തിരുന്നു. ബുക്കിങ് ഉയര്‍ന്നതിനെ തുടര്‍ന്ന് മാര്‍ച്ച്ഒക്ടോബര്‍ പാദത്തില്‍ സ്വിഫ്റ്റിന്റെ ഉത്പാദനം 45 ശതമാനം ഉയര്‍ത്തിയിരുന്നു. ബുക്ക് ചെയ്തതില്‍ 20 ശതമാനവും എഎംടി വാഹനങ്ങള്‍ക്കായിരുന്നു.