മോദി വന്‍ പദ്ധതികള്‍ പ്രഖ്യാപിക്കാനൊരുങ്ങുന്നുവെന്ന് സൂചന

single-img
27 December 2018

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പ് തിരിച്ചടി മറികടക്കാന്‍ കര്‍ഷകര്‍ക്കായി വന്‍ പ്രഖ്യാപനത്തിനൊരുങ്ങി മോദി സര്‍ക്കാര്‍. ഇതിന് മുന്നോടിയായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, കൃഷിമന്ത്രി രാധാ മോഹന്‍ സിങ് എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ചകള്‍ നടത്തിയെന്നാണ് വിവരം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ മൂന്നര മണിക്കൂര്‍നീണ്ട കൂടിക്കാഴ്ചകള്‍ നടന്നുവെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടുചെയ്തു. പാര്‍ലമന്റെിന്റെ ശൈത്യകാല സമ്മേളനം കഴിയുന്നതിന് മുമ്പായി പ്രഖ്യാപനം ഉണ്ടാവുമെന്നാണ് വിവരം.

കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുന്നതിനായിരിക്കും മോദി സര്‍ക്കാറിന്റെ പ്രഥമ പരിഗണന. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് വിപണിവില ലഭ്യമാക്കുന്നതിനുള്ള നീക്കങ്ങളും ഉണ്ടാവും. ഇതിന് അധികമായി വേണ്ടി വരുന്ന തുക സര്‍ക്കാര്‍ വഹിക്കും. ചില സബ്‌സിഡികള്‍ നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനും പദ്ധതിയുണ്ട്.

കര്‍ഷക രോഷമാണ് മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിക്ക് തിരിച്ചടിയായതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ഷകര്‍ നേരിടുന്ന ദുരിതങ്ങള്‍ ചര്‍ച്ചയാവുമെന്നും നേതൃത്വം കരുതുന്നു. കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന വാഗ്ദാനം നല്‍കി തിരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് മൂന്ന് സംസ്ഥാനങ്ങളിലും അധികാരത്തിലെത്തിയതിന് തൊട്ടുപിന്നാലെ വാഗ്ദാനം പാലിച്ചിരുന്നു.

കാര്‍ഷിക കടാശ്വാസ പദ്ധതി പ്രഖ്യാപിക്കാതെ പ്രധാനമന്ത്രി മോദിയെ ഉറങ്ങാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇത്തരം നീക്കങ്ങള്‍ക്കെല്ലാം മറുപടി നല്‍കാനാണ് ബിജെപി നേതൃത്വം ഒരുങ്ങുന്നതെന്നാണ് സൂചന.

അതിനിടെ, ഘടകകക്ഷികള്‍ എന്‍.ഡി.എ വിടുന്നതിനിടെ ‘പ്ലാന്‍ ബി’യുമായി ബി.ജെ.പി. ചില പാര്‍ട്ടികള്‍ വിട്ടു പോയിട്ടുണ്ട് എന്നത് വാസ്തവമാണെന്നും എന്നാല്‍ മറ്റു ചില പാര്‍ട്ടികള്‍ എന്‍.ഡി.എയിലെത്തുമെന്നും ബി.ജെ.പി ജനറല്‍ സെക്രട്ടറി റാം മാധവ് പറഞ്ഞു.

സഖ്യകക്ഷി രാഷ്ട്രീയത്തില്‍ നീക്കുപോക്കും ഒത്തുതീപ്പും വേണ്ടിവരും. ആര്‍.എല്‍.എസ്.പി പോലുള്ള കക്ഷികള്‍ ബിഹാറില്‍ എന്‍.ഡി.എ വിട്ടുപോയി എന്നത് വാസ്തവമാണ്. എന്നാല്‍ പുതിയ ചില സഖ്യകക്ഷികള്‍ കിഴക്കന്‍ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയിലും എന്‍.ഡി.എക്കൊപ്പം കൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുമ്പ് കൊഴിഞ്ഞുപോക്കുകള്‍ പതിവാണ്. അത് പുതിയ കാര്യമല്ലെന്നും റാം മാധവ് പറഞ്ഞു. ചന്ദ്രബാബു നായ്ഡുവിന്റെ ടി.ഡി.പിയും ജമ്മു കശ്മീരില്‍ പി.ഡി.പിയും ബിഹാറില്‍ ആര്‍.എല്‍.എസ്.പിയും എന്‍.ഡി.എ വിട്ടിരുന്നു.