വിവാഹവേദിയിലേക്ക് വരന്‍ എത്തിയത് ശവപ്പെട്ടിയില്‍; സംഭവം കണ്ട അടുത്ത ബന്ധുവിന് ദേഹാസ്വാസ്ഥ്യം: കണ്ണൂരില്‍ നടന്ന വിവാഹ ആഘോഷത്തിനെതിരെ പ്രതിഷേധം

single-img
27 December 2018

അതിഥികളെ ക്ഷണിക്കുന്നത് മുതല്‍ വരന്റെയും വധുവിന്റെയും വിവാഹവേദിയിലേക്കുള്ള ആഗമനം വരെ വ്യത്യസ്തമാക്കിയാണ് ഇന്ന് പല കല്യാണങ്ങളും നടക്കുന്നത്. വധൂവരന്മാരുടെ സുഹൃത്തുക്കളുടെ വക സര്‍പ്രൈസുകള്‍ പലപ്പോഴും അതിരു കടന്ന് പോകാറുമുണ്ട്.

ആഘോഷങ്ങള്‍ എത്ര അതിരു കടന്നാലും നിസ്സംഗരായി നോക്കി നില്‍ക്കാന്‍ മാത്രമേ പെണ്ണിന്റേയും ചെക്കന്റേയുമൊക്കെ കാരണവന്‍മാര്‍ക്ക് കഴിയുകയുള്ളൂ. അങ്ങനെയുള്ള കോമാളിത്തരങ്ങളുടെ പട്ടികയിലേക്ക് പുതിയൊരണ്ണം കൂടി. കണ്ണൂരിലാണ് സംഭവം. വീട്ടുകാര്‍ ഒരുക്കിയ ആഡംബര കാറിന് പകരം ഭംഗിയായി അലങ്കരിച്ച ശവപ്പെട്ടിയിലാണ് ചെക്കനെ വിവാഹവേദിയിലേക്ക് കൊണ്ടുവന്നത്.

എന്നാല്‍ ഇതു കണ്ട പെണ്ണിന്റെ വീട്ടുകാര്‍ക്ക് കാര്യം അത്ര രസിച്ചില്ല. സംഭവം കണ്ട അടുത്ത ബന്ധുവിന് ദേഹാസ്വാസ്ഥ്യം കൂടി ഉണ്ടായതോടെ സംഭവം കൈവിട്ടു പോയി. ഇതോടെ നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് യുവാവിനെ പുറത്തിറക്കി ശവപ്പെട്ടി തോട്ടില്‍ എറിഞ്ഞു.

പിന്നീട് കാല്‍നടയായി വരന്‍ വധുവിന്റെ വീട്ടില്‍ എത്തി. സമൂഹ്യമാധ്യമങ്ങളിലും ഏറെ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ് കണ്ണൂരിലെ ഈ കല്യാണം. പലരും രൂക്ഷമായ ഭാഷയിലാണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

https://www.youtube.com/watch?time_continue=62&v=nq6tnlPNzpo