‘പൊതുസ്ഥലത്ത് ശാഖ നടത്താമെങ്കില്‍ എന്തുകൊണ്ട് നിസ്‌കരിച്ചുകൂടാ; എന്താ മുസ്ലീങ്ങള്‍ പൊതുജനങ്ങളുടെ ഭാഗമല്ലേ?’; യുപി പൊലീസിനെതിരെ സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു

single-img
27 December 2018

പൊതുസ്ഥലത്ത് വെള്ളിയാഴ്ച നിസ്‌കരിക്കുന്നത് വിലക്കിയ നോയിഡ പൊലീസ് ഉത്തരവ് വിവാദത്തില്‍. നോയിഡ സെക്ടര്‍ 58ലെ നോയിഡ അതോറിട്ടി പാര്‍ക്കില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്താന്‍ മുസ്‌ളീം ജീവനക്കാരെ അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി സമീപത്തെ ഐ.ടി കമ്പനികള്‍ക്ക് പൊലീസ് കത്തു നല്‍കിയതാണ് പുതിയ വിവാദം.

നോയിഡയിലും പരിസരങ്ങളിലും പാര്‍ക്കിലും പൊതുസ്ഥലങ്ങളിലും നമാസ് നടത്തുന്നതിനെ ചൊല്ലിയുള്ള വിവാദം പതിവാണ്. സെക്ടര്‍ 58ലെ പാര്‍ക്കില്‍ വര്‍ഷങ്ങളായി എല്ലാ വെള്ളിയാഴ്ചയും 800ല്‍ അധികം ആളുകള്‍ സമൂഹ പ്രാര്‍ത്ഥനയില്‍ പങ്കു ചേരാറുണ്ട്.

സമീപത്തെ കമ്പനികളിലെ ജീവനക്കാര്‍ക്കും ദൂരത്തുള്ള പള്ളിയില്‍ പോകാതെ പാര്‍ക്കില്‍ പ്രാര്‍ത്ഥന നടത്തി മടങ്ങാന്‍ സൗകര്യമുണ്ടായിരുന്നു. എന്നാല്‍ പാര്‍ക്കില്‍ പ്രാര്‍ത്ഥന നടത്താന്‍ സിറ്റി മജിസ്‌ട്രേട്ട് അനുമതി നല്‍കിയിട്ടില്ലെന്നും ജീവനക്കാരെ അക്കാര്യം ബോധ്യപ്പെടുത്തണമെന്നും പൊലീസ് നല്‍കിയ കത്തില്‍ പറയുന്നു.

ഇതിനെതിരെ സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു രംഗത്തെത്തി. ആര്‍എസ്എസ്എസിന് ശാഖ നടത്താമെങ്കില്‍ എന്തുകൊണ്ട് മുസ്ലീങ്ങള്‍ക്ക് പൊതുസ്ഥലത്ത് നിസ്‌കാരം നടത്തിക്കൂടായെന്ന് അദ്ദേഹം ചോദിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മാര്‍കണ്ഡേയ കട്ജു പൊലീസിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

പൊലീസ് ഉത്തരവ് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1) (b) യുടെ ലംഘനമാണെന്ന് മാര്‍കണ്ഡേയ കട്ജു വ്യക്തമാക്കി. ആയുധങ്ങളൊന്നുമില്ലാതെ സമാധാനപരമായി ഒത്തുചേരാനുള്ള അവകാശം ഭരണഘടന എല്ലാ പൗരന്മാര്‍ക്കും ഉറപ്പു നല്‍കുന്നുണ്ട്. അതിനാല്‍ യുപി പൊലീസിന്റെ ഈ ഉത്തരവിനെ ശക്തമായി എതിര്‍ക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

‘പല പൊതുസ്ഥലങ്ങളിലും ഞാന്‍ ആര്‍.എസ്.എസ് ശാഖകള്‍ കണ്ടിട്ടുണ്ട്. എന്താ മുസ്ലീങ്ങള്‍ പൊതുജനങ്ങളുടെ ഭാഗമല്ലേ? പൊതു ഇടങ്ങളായ പാര്‍ക്കു പോലുള്ള സ്ഥലങ്ങളില്‍ അവര്‍ പ്രാര്‍ത്ഥന നടത്തുന്നതിനെ എങ്ങനെ വിലക്കാന്‍ കഴിയും?’ ‘നിസ്‌കരിച്ചുകൊണ്ട് അവരെന്താ ആരുടെയെങ്കിലും തലയറുക്കുന്നുണ്ടോ, അല്ലെങ്കില്‍ കാല് തല്ലിയൊടിക്കുന്നുണ്ടോ? വെള്ളിയാഴ്ച പ്രാര്‍ത്ഥന ആഴ്ചയില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന കാര്യമാണ്. അതും 45 മിനിറ്റോ ഒരു മണിക്കൂറോ മാത്രം.’ അദ്ദേഹം പറയുന്നു.