ജാവയുടെ ബുക്കിങ് നിര്‍ത്തി വച്ചു; കാരണം ഇതാണ് !

single-img
27 December 2018

ജാവ മോട്ടോര്‍ സൈക്കിള്‍സ് തിരിച്ചു വരവിന്റെ പാതയിലാണ്. രണ്ടാം വരവില്‍ ഇരുകയ്യും നീട്ടിയാണ് വാഹനപ്രേമികള്‍ ജാവയെ സ്വീകരിച്ചത്. ഇപ്പോഴിതാ ക്രിസ്മസ് ദിനം മുതല്‍ ജാവയുടെ ബുക്കിംഗ് കമ്പനി താത്കാലികമായി നിര്‍ത്തിയെന്നാണ് പുതിയ വാര്‍ത്ത. അടുത്ത സെപ്റ്റംബര്‍ വരെ ഉല്‍പ്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ബൈക്കുകള്‍ വിറ്റഴിഞ്ഞ സാഹചര്യത്തില്‍ ബുക്കിങ് നിര്‍ത്തിവയ്ക്കുകയാണെന്നു കമ്പനി പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ട്.

ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളുമായിട്ടായിരുന്നു ജാവയുടെ തിരിച്ചുവരവ്. 293 സി സി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, നാലു വാല്‍വ് എന്‍ജിനാവും, എന്നുമാത്രമല്ല, മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമാണ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യയുടെ പിന്‍ബലമുള്ള ഈ എന്‍ജിനിലൂടെ സാധ്യമാകുന്നത്. ജാവയ്ക്ക് 1.64 ലക്ഷവും ജാവ 42 മോഡലിന് 1.55 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.

22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജാവയുടെ ഇന്ത്യയിലേക്കുള്ള മടങ്ങി വരവ്. മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക്ക് ലെജന്‍ഡ് എന്ന കമ്പനിയാണ് ജാവയെ പുനരവതരിപ്പിച്ചത്. ജാവയ്ക്കു ലഭിച്ച വരവേല്‍പ് പ്രതീക്ഷകള്‍ക്കപ്പുറമാണെന്നു ക്ലാസിക് ലജന്‍ഡ്‌സ് സഹസ്ഥാപകന്‍ അനുപം തരേജ പറഞ്ഞു. ആദ്യ ബാച്ച് ബൈക്കുകള്‍ മാര്‍ച്ചില്‍ തന്നെ ഉടമസ്ഥര്‍ക്കു കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.