ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘത്തെ പ്രതിഷേധക്കാര്‍ തടഞ്ഞു; ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് യുവതികള്‍

single-img
23 December 2018

ശബരിമല ദര്‍ശനത്തിനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി എത്തിയ മനിതി സംഘം പമ്പയില്‍ രണ്ടു മണിക്കൂറായി കുത്തിയിരിക്കുന്നു. അയ്യപ്പദര്‍ശനം നടത്താന്‍ അനുവദിക്കണമെന്ന ഉറച്ച നിലപാടിലാണ് സംഘം. പ്രതിഷേധക്കാര്‍ ഇവരെ തടയുകയും ശരണം വിളിച്ച് പ്രതിഷേധിക്കുകയും ചെയ്യുന്നുണ്ട്. 11 യുവതികളാണ് സംഘത്തിലുള്ളത്. പൊലീസ് മനിതി നേതാവ് സെല്‍വിയുമായി ചര്‍ച്ച നടത്തിയിരുന്നു. പക്ഷേ ദര്‍ശനം നടത്താതെ തിരികെ പോകില്ലെന്ന് സെല്‍വി പൊലീസിനെ അറിയിച്ചിട്ടുണ്ട്.

പമ്പ ഗണപതി കോവിലില്‍ പൂജാരിമാര്‍ യുവതികള്‍ക്ക് കെട്ട് നിറച്ചുനല്‍കാന്‍ വിസമ്മതിച്ചതോടെ യുവതികള്‍ സ്വയം കെട്ടുനിറക്കുകയായിരുന്നു. പൊലീസ് സുരക്ഷയില്‍ എത്തിയ ഇവരെ പമ്പ ഗാര്‍ഡ് റൂം കഴിഞ്ഞുള്ള അയ്യപ്പസ്വാമി റോഡിന് സമീപത്ത് പ്രതിഷേധക്കാര്‍ തടഞ്ഞു.

ഇന്നലെ വൈകിട്ട് മധുരയില്‍ നിന്ന് പുറപ്പെട്ട സംഘം 10.45ഓടെയാണ് കോട്ടയത്ത് എത്തിയത്. ‌പൊലീസ് രഹസ്യമായിട്ടാണ് മനിതി സംഘത്തെ പമ്പയില്‍ എത്തിച്ചത്. അതേസമയം യുവതികളെ മലകയറാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. പമ്പയിൽ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധ സ്ഥലത്ത് പോലീസുകാരുടെ എണ്ണം കുറവാണെന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അതേസമയം പ്രതിഷേധക്കാരുടെ എണ്ണം വര്‍ധിക്കുകയുമാണ്.