പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാജവാര്‍ത്തകളുടെ എന്‍സൈക്ലോപീഡിയയെന്ന് കനയ്യ കുമാര്‍

single-img
23 December 2018

വ്യാജവാര്‍ത്തകളുടെ എന്‍സൈക്ലോപീഡിയയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍. വ്യാജവാര്‍ത്തകള്‍കൊണ്ട് ജനങ്ങളെ വിഡ്ഢികളാക്കാന്‍ മോദിക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഞാന്‍ ഈ നൂറ്റാണ്ടിലെ ആളാണ്. എന്റെ ധാര്‍മികതയും ആദര്‍ശവും തീരുമാനിക്കുന്നത് ഞാനാണ്’. അവര്‍ രാമക്ഷേത്രങ്ങളെക്കുറിച്ച് സംസാരിക്കട്ടെയെന്നും നമ്മള്‍ സംസാരിക്കേണ്ടത് മൗലികാവകാശങ്ങളെക്കുറിച്ചാണെന്നും കനയ്യകുമാര്‍ പറഞ്ഞു.

അഖിലേന്ത്യാ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുലന്ദ്ഷഹര്‍ കലാപവുമായി ബന്ധപ്പെട്ട് നടന്‍ നസറുദ്ദീന്‍ ഷാ നടത്തിയ പരാമര്‍ശങ്ങള്‍ എടുത്തുകാട്ടിയായിരുന്നു കനയ്യയുടെ പരാമര്‍ശം.

അവര്‍ക്ക് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുകയോ പശുവിനെ ആരാധിക്കുകയോ ചെയ്യാം. പക്ഷേ നമ്മള്‍ മുന്‍തൂക്കം നല്‍കേണ്ടത് അഴിമതിരഹിത സമൂഹത്തെ കുറിച്ചും ഉപയോഗിക്കാന്‍ യോഗ്യമായ റോഡുകളെയും വിദ്യാഭ്യാസത്തെയും കുറിച്ചുമാണ്.

സമൂഹത്തില്‍ ഭയത്തിന്റെ അന്തരീക്ഷമാണ് നിഴലിടുന്നതെന്നും ജനങ്ങള്‍ അവരുടെ അവകാശങ്ങളെ കുറിച്ച് ബോധവാന്മാരാകണമെന്നും കനയ്യ പ്രതികരിച്ചു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനയ്യ കുമാര്‍ മത്സരിക്കുന്നതില്‍ ധാരണയായതായി മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്വദേശമായ ബിഹാറിലെ ബേഗുസാരായില്‍ നിന്നാകും കനയ്യ ജനവിധി തേടുക എന്നാണ് സൂചന.