69 വര്‍ഷങ്ങള്‍ക്കു മുന്‍പ് ‘മരിച്ച’ മകളെ ആദ്യമായി കണ്ട ഒരമ്മ

single-img
23 December 2018

ജനിവീവ് പ്യൂരിന്റണ്‍ എന്ന 88 കാരി 69 കൊല്ലം മുന്‍പാണ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പക്ഷേ തന്റെ കുഞ്ഞിനെ ഒരു തവണപോലും കാണാനുള്ള യോഗം ജനിവീവിന് ഉണ്ടായിരുന്നില്ല. കാരണം ജനനത്തോടെ കുഞ്ഞ് മരിച്ചു എന്നാണ് ജനിവീവിനെ അറിയിച്ചിരുന്നത്. പക്ഷേ താന്‍ തെറ്റിദ്ധരിപ്പിക്കപ്പെടുകയായിരുന്നു എന്നും തന്റെ മകള്‍ ഇന്നും ജീവനോടെ ഉണ്ടെന്നും ആ അമ്മ അറിഞ്ഞത് 69 വര്‍ഷങ്ങള്‍ക്കു ശേഷമാണ്.

തന്റെ പതിനെട്ടാം വയസ്സിലാണ് അവിവാഹിത ആയിരുന്ന ജനിവീവ് മകള്‍ക്ക് ജന്മം നല്‍കിയത്. വീട്ടുകാരുടെ അഭിമാനം കാത്തുരക്ഷിക്കാന്‍ കുഞ്ഞ് മരണപ്പെട്ടു എന്ന് ആശുപത്രി അധികൃതരും ബന്ധുക്കളും ജനിവീവിനെ പറഞ്ഞു ധരിപ്പിക്കുകയായിരുന്നു. എന്നിട്ട് അവര്‍ ആ കുഞ്ഞിനെ കാലിഫോര്‍ണിയയിലുള്ള ദമ്പതികള്‍ക്ക് കൈമാറി.

ആശുപത്രി വിട്ടുപോരും മുന്‍പ് തന്നെ ചില കടലാസുകളില്‍ ഒപ്പിട്ടു എങ്കിലും അത് തന്റെ കുഞ്ഞിനെ വിട്ടു നല്‍കികൊണ്ടുള്ള സമ്മതപത്രം ആയിരുന്നുവെന്ന് ജനീവീവ് അറിഞ്ഞിരുന്നില്ല. കോനി മള്‍ട്രൂപ് എന്നാണ് വളര്‍ത്തമ്മയും വളര്‍ത്തച്ഛനും ആ കുഞ്ഞിന് പേര് നല്‍കിയത്.

തന്നെ ദത്തെടുത്തതാണ് എന്ന കോനിക്ക് അറിയാമായിരുന്നെങ്കിലും യഥാര്‍ത്ഥ മാതാവിനെ കുറിച്ച് ഒരു വിവരങ്ങളും ലഭിച്ചിരുന്നില്ല. വളര്‍ത്തമ്മയുടെ മരണശേഷം എത്തിയ രണ്ടാനമ്മയുടെ പീഡനങ്ങള്‍ സഹിക്കവയ്യാതെ ആയതോടെ ചെറു പ്രായത്തില്‍ തന്നെ യഥാര്‍ത്ഥ മാതാവിന് വേണ്ടിയുള്ള അന്വേഷണം കോനി ആരംഭിച്ചു.

എന്നാല്‍ ആറു പതിറ്റാണ്ടോളം വേണ്ടിവന്നു കോനിക്ക് തന്റെ അമ്മയെ കണ്ടെത്താന്‍. തന്റെ മകളുടെ സഹായത്തോടെ ഡിഎന്‍എ ടെസ്റ്റ് നടത്തി അതിലൂടെ ചില ബന്ധുക്കളെ കണ്ടെത്തിയത് വഴിയാണ് അമ്മയെ കണ്ടെത്താന്‍ കോനിക്ക് സാധിച്ചത്. കോനിയുടെ ജനനശേഷം നാടുവിട്ടുപോയ ജനിവീവ് വേറെ വിവാഹം കഴിക്കാതെ ഏകാന്ത ജീവിതം നയിക്കുകയായിരുന്നു.

തന്റെ മകള്‍ ജീവിച്ചിരിക്കുന്നു എന്ന ബന്ധു വഴി അറിഞ്ഞ നിമിഷം അവിശ്വസനീയമായിരുന്നു എന്ന ജനിവീവ് പറയുന്നു. ഫ്‌ലോറിഡയിലെ ഒരു റിട്ടയര്‍മെന്റ് ഹോമില്‍ കഴിഞ്ഞിരുന്ന ജനിവീവിനെ കാണാന്‍ ഒടുവില്‍ കോനി എത്തി. ആദ്യമായി കണ്ട നിമിഷം ഇരുവര്‍ക്കും കണ്ണീര്‍ അടക്കാനായില്ല.

എല്ലാ ക്രിസ്മസ് കാലത്തും തന്റെ അമ്മയെ കണ്ടെത്തണമെന്ന് പ്രാര്‍ത്ഥനയുമായി കഴിഞ്ഞിരുന്ന കോനിക്കും മരിച്ചെന്നു കരുതിയ മകളെ തിരികെ ലഭിച്ച ജനിവീവിനും ഈ ക്രിസ്തുമസ് ജീവിതത്തിലെ തന്നെ ഏറ്റവും സന്തോഷം നിറഞ്ഞതാണ്.