‘വിജയത്തിന് ഒരുപാട് അവകാശികളുണ്ടാകും; പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനും തയ്യാറാകണം’; ബിജെപി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

single-img
23 December 2018

രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ പരാജയത്തിനു പിന്നാലെ നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി രംഗത്ത്. തോല്‍വിയുടെ ഉത്തരവാദിത്വം എറ്റെടുക്കാനുള്ള പ്രവണത നേതൃത്വം കാണിക്കണം.

പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നിടം വരെ, നേതൃത്വത്തിന് സംഘടനയോടുള്ള ആത്മാര്‍ഥത തെളിയിക്കപ്പെടുകയില്ലെന്ന് ഗഡ്കരി പറഞ്ഞു. പുണെ ജില്ലാ അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്ക്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വിജയത്തിന് ഒരുപാട് അവകാശികളുണ്ടാകും. എന്നാല്‍ പരാജയം അനാഥനാണ്. വിജയം നേടുമ്പോള്‍ അതിന്റെ മേന്‍മ സ്വന്തമാക്കാന്‍ മത്സരമുണ്ടാകും. എന്നാല്‍ പരാജയപ്പെടുമ്പോള്‍ എല്ലാവരും പരസ്പരം വിരല്‍ ചൂണ്ടും’, ഗഡ്കരി പറഞ്ഞു.