ജനുവരി മുതല്‍ നിരവധി സാധനങ്ങള്‍ക്ക് വിലകുറയും

single-img
22 December 2018

സേവനങ്ങളും ഉൽപ്പന്നങ്ങളും അടക്കം 23 ഇനങ്ങളുടെ നികുതി നിരക്ക് കുറച്ച് ജി.എസ്ടി കൗൺസിൽ. ടിവി, കമ്പ്യൂട്ടർ മൊണിറ്റർ, ഉപയോഗിച്ച ടയർ, വീൽചെയർ  എന്നിവയുടെ വില കുറയും. 99 ശതമാനം ഉൽപ്പന്നങ്ങളുടെയും നികുതി നിരക്ക് 18% പരിമിതപ്പെടുത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ജിഎസ്ടി കൗൺസിലിന്റെ നിർണായക തീരുമാനം. 28 ശതമാന സ്ലാബിലെ ഏഴ് ഉൽപ്പന്നങ്ങളുടെ നിരക്ക് കുറച്ചു.

സിമന്റിന്റെയും ഓട്ടോമൊബൈല്‍ പാട്‌സിന്റെയും നിരക്കില്‍ മാറ്റമില്ല. ജനുവരി ഒന്ന് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരിക. അതേസമയം ലോട്ടറിക്ക് 12 ശതമാനത്തില്‍ നിന്നും നികുതി 28 ശതമാനമാക്കാനുള്ള നീക്കം കേരളത്തിന് തിരിച്ചടിയാകും. കേരളത്തിന്റെ പ്രളയ സെസിന്റെ കാര്യത്തില്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്. കൗണ്‍സില്‍ ഉപസമിതി റിപ്പോര്‍ട്ടില്‍ എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം തേടി അടുത്ത യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും.

ജനുവരി ഒന്ന് മുതല്‍ വില കുറയുന്ന സാധനങ്ങള്‍ ഇവയാണ്.

  • പ്രസരണ ദണ്ഡ്, ക്രാങ്ക്‌സ്, ഗിയര്‍ ബോക്‌സ്, കപ്പി
  • മോണിട്ടറുകള്‍, 32 ഇഞ്ച് വരെയുള്ള ടിവി 
  • ലിഥിയം-അയണ്‍ ബാറ്ററികളുള്ള പവര്‍ ബാങ്ക് (ലിഥിയം-അയണ്‍ ബാറ്ററികള്‍ക്ക് നേരത്തെ തന്നെ 18 ശതമാനമാണ് ജിഎസ്ടി)
  • ഡിജിറ്റല്‍ ക്യാമറ, വീഡിയോ ക്യാമറ റെക്കോര്‍ഡ്‌സുകള്‍, വീഡിയോ ഗെയിംസ്
  • 100 രൂപക്ക് താഴെയുള്ള സിനിമാ ടിക്കറ്റ്
  • ഭിന്നശേഷിക്കാര്‍ക്കുള്ള വീല്‍ച്ചെയറടക്കമുള്ള ഉപകരണങ്ങള്‍ക്കും അതിന്റെ ഭാഗങ്ങള്‍ക്കും 28 ശതമാനമുണ്ടായിരുന്ന ജിഎസ്ടി നിരക്ക് അഞ്ച് ശതമാനമാക്കി കുറച്ചു.
  • വിവിധ തരം കോര്‍ക്കുകള്‍, 100 രൂപക്ക് മുകളിലുള്ള സിനിമ ടിക്കറ്റ്, ചരക്കുകള്‍ കൊണ്ടുപോകുന്ന വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് തുടങ്ങിയവ 18-ല്‍ നിന്ന് 12 ശതമാനമാക്കി കുറച്ചു.
  • മാര്‍ബിള്‍ റബ്ബിള്‍, ഊന്നുവടി, നാച്ചുറല്‍ കോര്‍ക്ക്, ഹോളോബ്രിക്‌സ് എന്നിവയുടെ ജിഎസ്ടി നിരക്ക് 12-ല്‍ നിന്ന് അഞ്ചാക്കി വെട്ടിക്കുറച്ചു. സൗരോര്‍ജ പ്ലാന്റുകള്‍ക്കും ജിഎസ്ടി അഞ്ചാക്കിയിട്ടുണ്ട്.
  • ശീതീകരിച്ച പച്ചക്കറി, ജന്‍ധന്‍ അക്കൗണ്ടിന് ബാങ്കിങ് സേവനത്തിനുള്ള നികുതി എന്നിവയെ ജിഎസ്ടിയെ നിരക്കില്‍ നിന്ന് ഒഴിവാക്കി.
  • തീര്‍ത്ഥാടകര്‍ക്ക് പ്രത്യേകം ഏര്‍പ്പെടുത്തിയ വിമാനത്തില്‍ ഇക്കോണമി ക്ലാസിന് അഞ്ചും ബിസിനസ് ക്ലാസിന് 12  ശതമാനവും ഇനി ജിഎസ്ടി നല്‍കിയാല്‍ മതി.