പന്തു ചുരണ്ടല്‍ വിവാദത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സ്മിത്ത്

single-img
22 December 2018

പന്തു ചുരണ്ടല്‍ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്. ഓസീസ് ടീം അംഗങ്ങള്‍ പന്തു ചുരണ്ടല്‍ ആസൂത്രണം ചെയ്തതിനെക്കുറിച്ച് തനിക്ക് അറിയാമായിരുന്നെന്നും എന്നാല്‍ താന്‍ അത് തടയാന്‍ ശ്രമിച്ചില്ലെന്നും സ്മിത്ത് പറഞ്ഞു.കഴിഞ്ഞ മാര്‍ച്ചിലുണ്ടായ വിവാദത്തിനു ശേഷം ആദ്യമായി മാധ്യമങ്ങളെ കാണുകയായിരുന്നു സ്മിത്ത്.

സഹതാരങ്ങള്‍ ഡ്രസിംങ് റൂമില്‍ വെച്ച് പന്ത് ചുരണ്ടുന്നതിനെക്കുറിച്ച് സംസാരിക്കുന്നത് കേട്ടു. അപ്പോള്‍ അത് കേള്‍ക്കാത്ത പോലെ പോകുകയാണ് ചെയ്തത്. അപ്പോള്‍ അങ്ങനെ ചെയ്യാനാണ് തോന്നിയത്. എന്നാല്‍ അത് നായകനെന്ന നിലയില്‍ തന്റെ വലിയ പരാജയമായിരുന്നെന്നും അത്തരം വലിയ തെറ്റ് ഇനിയൊരിക്കലും ആവര്‍ത്തിക്കുകയില്ലെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു. എനിക്ക് അത് തടയാനുള്ള സാഹചര്യമുണ്ടായിരുന്നു എന്നാലത് ഉപയോഗിച്ചില്ല. അതൊരു വന്‍വീഴ്ച്ചയാണ്. അതുകൊണ്ടുതന്നെയാണ് പിന്നീട് പന്തു ചുരണ്ടല്‍ വിവാദമായപ്പോള്‍ താന്‍ ഉത്തരാവദിത്വം ഏറ്റതെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

പന്ത് ചുരണ്ടുന്നതിന് ജൂനിയര്‍ താരമായ ബാന്‍ക്രോഫ്റ്റിനെയാണ് ചുമതലപ്പെടുത്തിയത്. കാമറകളുടെ ശ്രദ്ധ അധികം ലഭിക്കില്ലെന്ന നിഗമനത്തിലായിരുന്നു ഇത്. അടിവസ്ത്രത്തില്‍ കരുതിയ ഉരക്കടലാസുപയോഗിച്ചായിരുന്നു ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമം കാണിച്ചത്. അസ്വാഭാവികമായ പ്രവൃത്തി ശ്രദ്ധയില്‍പെട്ട ക്യാമറാമാന്‍ ബാന്‍ക്രോഫ്റ്റിന്റെ ചുരണ്ടല്‍ ദൃശ്യങ്ങളോടെ പിടികൂടുകയായിരുന്നു. സംഭവം സ്റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനില്‍ അടക്കം കാണിച്ചതോടെ അമ്പയര്‍മാര്‍ ബാന്‍ക്രോഫ്റ്റിനോട് വിശദീകരണം ചോദിച്ചു. ആദ്യഘട്ടത്തില്‍ സണ്‍ഗ്ലാസ് കവറുപയോഗിച്ചാണ് പന്ത് തുടച്ചതെന്നായിരുന്നു പറഞ്ഞത്. അത് കള്ളമാണെന്ന് പിന്നീട് തെളിഞ്ഞു.

ബാന്‍ക്രോഫ്റ്റിനേയും പന്ത് ചുരണ്ടലിനേയും ന്യായീകരിച്ചും അതൊരു തന്ത്രമാണെന്ന് വ്യാഖ്യാനിച്ചും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. ആരാധകരില്‍ നിന്നുപോലും വലിയ തോതില്‍ എതിര്‍പ്പുയര്‍ന്നു. പിന്നീട് സ്റ്റീവ് സ്മിത്ത് ക്ഷമചോദിച്ചും പൊട്ടിക്കരഞ്ഞുകൊണ്ടും വാര്‍ത്താസമ്മേളനം നടത്തിയാണ് കുറ്റം ഏറ്റത്. ഐ.സി.സി ഒരു മത്സരത്തില്‍ നിന്നും താരങ്ങളെ വിലക്കി. ക്രിക്കറ്റിന്റെ മാന്യതക്ക് നിരക്കാത്ത പ്രവര്‍ത്തി ചെയ്ത താരങ്ങള്‍ക്കെതിരെ ക്രിക്കറ്റ് ആസ്‌ത്രേലിയ കടുത്ത നടപടി തന്നെ അന്വേഷണത്തിനൊടുവില്‍ എടുത്തു.