യാത്ര മാത്രമല്ല, ട്രെയിനിൽ നിന്ന് ഇനി വീട്ടുസാധനങ്ങളും സൗന്ദര്യവര്‍ധകവസ്തുക്കളും വാങ്ങാം

single-img
22 December 2018

തീവണ്ടിയില്‍ ഇനിമുതൽ യാത്ര ചെയ്യാൻ മാത്രമല്ല, അടുക്കള ഉപകരണങ്ങളും സൗന്ദര്യവര്‍ധകവസ്തുക്കളും വ്യായാമോപകരണങ്ങളും മറ്റും വാങ്ങാനുമാകും. തിരഞ്ഞെടുക്കപ്പെട്ട തീവണ്ടികളില്‍ പുതുവര്‍ഷം മുതല്‍ ഇതിന് അവസരമുണ്ടാകുമെന്ന് റെയില്‍വേ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

പടിഞ്ഞാറന്‍ റെയില്‍വേയുടെ മുംബൈ ഡിവിഷന്‍ ഇതിനുള്ള കരാര്‍ 3.5 കോടി രൂപയ്ക്ക് അഞ്ചുവര്‍ഷത്തേക്ക് ഒരു സ്വകാര്യകമ്പനിയെ ഏല്‍പ്പിച്ചു. എക്‌സ്പ്രസ് തീവണ്ടികളിലും 16 മെയിലുകളിലുമാണ് വിമാനങ്ങളുടെ മാതൃകയില്‍ യാത്രയ്ക്കിടയില്‍ തന്നെ സാധനങ്ങള്‍ വാങ്ങാനാവുക. ഭക്ഷണപദാര്‍ഥങ്ങളും ലഹരി വസ്തുക്കളും വില്‍ക്കാന്‍ കരാറുകാരന് അനുവാദമില്ല.

ഉന്തുവണ്ടിയില്‍ യൂണിഫോമിലുള്ള രണ്ടുപേര്‍ രാവിലെ എട്ടുമുതല്‍ രാത്രി ഒമ്ബതുവരെ സാധനങ്ങള്‍ വില്‍ക്കും. ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളുപയോഗിച്ചും ഇവ വാങ്ങാം. സാധനവിവരങ്ങളടങ്ങിയ ബ്രോഷറുകള്‍ യാത്രക്കാര്‍ക്ക് നല്‍കും. ശബ്ദപ്രചാരണം അനുവദിക്കില്ലെന്ന് റെയില്‍വേ വൃത്തങ്ങള്‍ വ്യക്തമാക്കി. ഓരോ മേഖലയിലും ആദ്യം രണ്ടു വണ്ടികളിലാണ് സൗകര്യമൊരുക്കുക.