ഇന്ത്യയില്‍ മാധ്യമങ്ങളുടെ കവറേജില്‍ പോലും ജാതിവ്യവസ്ഥ നിലനില്‍ക്കുന്നുവെന്ന് പാ രജ്ഞിത്; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മാധ്യമങ്ങള്‍ നല്‍കുന്ന കവറേജിലെ വ്യത്യാസം ഇത് ചൂണ്ടിക്കാണിക്കുന്നു

single-img
22 December 2018

ഇന്ത്യയില്‍ മാധ്യമങ്ങളുടെ കവറേജില്‍ പോലും ജാതിവ്യവസ്ഥ നിലനില്‍ക്കുന്നുവെന്ന് കബാലി സംവിധായകന്‍ പാ രജ്ഞിത്. ഇന്ത്യാ ടുഡേ കോണ്‍ക്ലേയവ്
സൗത്ത് 2018ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മാധ്യമങ്ങള്‍ നല്‍കുന്ന കവറേജിലെ വ്യത്യാസം ഇത് ചൂണ്ടിക്കാണിക്കുന്നു. രാംനാഥ് കോവിന്ദിന്റെ പേരിന് തൊട്ടുമുമ്പ് പലപ്പോഴും മാധ്യമങ്ങള്‍ പ്രസിഡന്റ് എന്ന സ്ഥാനപ്പേര് ചേര്‍ക്കാറില്ലെന്നും എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിന് മുമ്പ് ‘പ്രധാനമന്ത്രി’ യെന്ന സ്ഥാനപ്പേര് നിര്‍ബന്ധമായും ചേര്‍ത്തിരിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ഇന്ത്യയിലെ രണ്ടാമത്തെ ദളിത് രാഷ്ട്രപതിയാണ് രാംനാഥ് കോവിന്ദ്. രാഷ്ട്രപതിയുടെ ജാതിയാണോ ഇത്തരമൊരു വ്യത്യാസത്തിനു കാരണമെന്നു ചോദിച്ചപ്പോള്‍ ‘തീര്‍ച്ചയായും’ എന്നാണ് രഞ്ജിത് മറുപടി നല്‍കിയത്.

ഇന്ത്യയിലെ വലിയൊരു വിഭാഗം തീര്‍ച്ചയായും ബി.ജെ.പിയുടെ സ്വാധീനത്തിലാണ്. ഇത് കാവിവല്‍ക്കരണത്താല്‍ സ്വാധീനിക്കപ്പെട്ടതാണ്. വര്‍ണ വ്യവസ്ഥ സ്ഥായിയായി നിലനിര്‍ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വലിയൊരു വിഭാഗം ദളിതരാണ്. ഇതിനു കാരണം അവര്‍ക്ക് ജാതി വ്യവസ്ഥയെ തകര്‍ക്കാന്‍ താല്‍പര്യമില്ലാത്തതാണെന്നും രഞ്ജിത് പറയുന്നു.

തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുസീറ്റുകളില്‍ ദളിതരെ സ്ഥാനാര്‍ത്ഥികളായി നിര്‍ത്താറില്ല. സംവരണ സീറ്റുകളില്‍ മാത്രമാണ് ദളിതര്‍ക്ക് സ്ഥാനം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘എ.ഐ.എ.ഡി.എം.കെയായാലും ഡി.എം.കെയായാലും ദളിതരെ സംവരണ സീറ്റില്‍ മാത്രമാണ് മത്സരിപ്പിക്കുന്നത്.’ അദ്ദേഹം പറയുന്നു.