ബോൾ ചെയ്തത് 99.2 ഓവർ, 35 എണ്ണം മെയ്ഡൻ; ബുംമ്രക്ക് മുന്നിൽ മുട്ടുമടക്കി ഓസീസ് താരങ്ങൾ

single-img
22 December 2018

ഓസ്‌ട്രേലിയയ്ക്ക് എതിരെ നടക്കുന്ന  പരമ്പരയിൽ ഇതുവരെ ബുമ്ര ബോൾ ചെയ്തത് 99.2 ഓവർ. അതിൽ 35 ഓവറിലും ഓസീസ് താരങ്ങൾക്ക് റൺസ് നേടാനായില്ല. ഈ പരമ്പരയിൽ ഇതുവരെ ഏറ്റവും കൂടുതൽ മെയ്ഡൻ ഓവറുകൾ എറിഞ്ഞ താരവും ബുമ്ര തന്നെ. മാത്രമല്ല, ബുമ്രയുടെ പന്തുകൾക്കു മുന്നിൽ ഓസീസ് താരങ്ങൾ ബാറ്റുചെയ്യാൻ കഷ്ടപ്പെടുന്ന കാഴച്ചയാണ് പെർത്തിലും കാണാൻ സാധിച്ചത്.


ഈ പരമ്പരയിലെ രണ്ടു ടെസ്റ്റു കളിച്ച താരങ്ങളിൽ റൺസ് വിട്ടുകൊടുക്കുന്നതിൽ ഏറ്റവും പിശുക്കുള്ള താരവും ബുമ്രയാണ്. രണ്ട് ടെസ്റ്റ് പിന്നിടുമ്പോൾ ബുമ്ര ഒരു ഓവറിൽ ശരാശരി വിട്ടുകൊടുക്കുന്നത് 2.08 റൺസ് മാത്രമാണ്. ഓവറിൽ ശരാശരി 1.72 റൺസ് വിട്ടുകൊടുത്ത് രവിചന്ദ്രൻ അശ്വിൻ മുന്നിലുണ്ടെങ്കിൽ അദ്ദേഹം അഡ്‌ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ മാത്രമേ കളിച്ചിരുന്നുള്ളൂ. ഓവറിൽ 2.40 റൺസ് വിട്ടുകൊടുക്കുന്ന ഇഷാന്ത് ശർമയാണ് മൂന്നാം സ്ഥാനത്ത്. രണ്ടു ടെസ്റ്റു കളിച്ച പ്രധാന ബോളർമാരിൽ ഏറ്റവും ‘ദാനശീലൻ’ ഇന്ത്യയുടെ മുഹമ്മദ് ഷമിയാണ്. ഓവറിൽ ശരാശരി 3.06 റൺസാണ് ഷമി വിട്ടുകൊടുക്കുന്നത്. ഉമേഷ് യാദവ് 3.76 റൺസ് വിട്ടുകൊടുക്കുന്നുണ്ടെങ്കിലും അദ്ദേഹം ഒരു ടെസ്റ്റിലേ കളിച്ചുള്ളൂ. ഓസീസ് താരങ്ങളിൽ ജോഷ് ഹെയ്സൽവുഡാണ് ഏറ്റവും പിശുക്കൻ. ഓവറിൽ ശരാശരി 2.47 റൺസാണ് ഹെയ്സൽവുഡ് വിട്ടുനൽകുന്നത്. നേഥൻ ലയോൺ ശരാശരി 2.51 റൺസും വിട്ടുകൊടുക്കുന്നു.


ആകെ കളിച്ച നാല് ഇന്നിങ്സുകളിലും ബുമ്രയുടെ ഓവറുകളിൽ ശരാശരി 2.40 റൺസിലധികം നേടാൻ ഓസീസ് താരങ്ങൾക്കായില്ല. 18.82 ശരാശരിയുമായി ബോളർമാരിൽ മുന്നിൽ ബുമ്ര തന്നെ. മികച്ച പേസും കൃത്യതയും നിലനിർത്തുന്ന ബുമ്ര, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ ആവനാഴിയിലെ പ്രധാന ആയുധമാണ്. ഇന്ത്യൻ നിരയിൽ ഏറ്റവും കൂടുതൽ ഓവർ ബോൾ ചെയ്യുന്ന പേസ് ബോളർ കൂടിയാണ് ബുമ്ര. താരതമ്യേന ചെറിയ റണ്ണപ്പായതിനാൽ കൂടുതൽ നേരം ബോൾ ചെയ്യാൻ സാധിക്കുന്നു എന്നതാണ് ബുമ്രയുടെ നേട്ടം.
ഈ പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരങ്ങളിലും ബുമ്ര മുന്നിൽത്തന്നെയുണ്ട്. രണ്ടു ടെസ്റ്റുകളിൽനിന്ന് 16 വിക്കറ്റ് വീഴ്ത്തിയ ഓസീസ് താരം നേഥൻ ലയൺ മുന്നിൽ നിൽക്കുന്ന പട്ടികയിൽ 11 വിക്കറ്റുമായി രണ്ടാം സ്ഥാനം പങ്കിടുകയാണ് ബുമ്ര.