സ്ത്രീകള്‍ക്ക് ഫോണിലൂടെ അശ്ലീല മെസേജ്, വീഡിയോ അയക്കുന്നവരുടെ കണക്കുകള്‍ പുറത്തുവിട്ടു

single-img
21 December 2018

ഇന്ത്യയിലെ ഫോണ്‍ ഉപയോഗിക്കുന്ന സ്ത്രീകളില്‍ മൂന്നില്‍ ഒരാള്‍ക്ക് ഒരിക്കലെങ്കിലും അശ്ലീല മെസേജുകളോ വീഡിയോകളോ ലഭിച്ചിട്ടുണ്ടെന്ന് കണക്കുകള്‍. ഫോണ്‍ വഴി സ്ത്രീകളെ അപമാനിക്കുന്നതില്‍ ഇന്ത്യ ഏറെ മുന്നിലാണെന്നും രാജ്യാന്തര വനിതാ ദിനത്തില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അനധികൃതമായി നമ്പര്‍ സംഘടിപ്പിച്ച് സ്ത്രീകള്‍ക്ക് മെസേജുകളും അശ്ലീല വീഡിയോകളും അയക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് ട്രൂകോളര്‍ ആപ്പ് കണക്കുകളും വ്യക്തമാക്കുന്നത്. ട്രൂകോളറിന്റെ 2018 വാര്‍ഷിക റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാണ്.

ആഴ്ചയില്‍ ഒരിക്കലെങ്കിലും ലൈംഗിക ചുവയുള്ള വീഡിയോകളും ചിത്രങ്ങളും ലഭിക്കുന്നുണ്ടെന്നാണ് 78 ശതമാനം സ്ത്രീകളും പറഞ്ഞത്. 82 ശതമാനം സ്ത്രീകള്‍ക്കും അനാവശ്യ വീഡിയോകളും ചിത്രങ്ങളും ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇതില്‍ തന്നെ 50 ശതമാനം കോളുകളും മെസേജുകളും വീഡിയോകളും വരുന്നത് അറിയാത്ത, ഫോണില്‍ ചേര്‍ത്തിട്ടില്ലാത്ത നമ്പറുകളില്‍ നിന്നാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം പ്രമുഖ കോളര്‍ ഐഡി സേവനമായ ട്രൂ കോളറിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം മൊബൈല്‍ ഫോണ്‍ സ്വന്തമായുള്ള ഒരു വ്യക്തിക്ക് ഒരു മാസം ലഭിക്കുന്നത് ശരാശരി 17 മുതല്‍ 37 വരെ സ്പാം കോളുകളാണ്. സ്പാം കോളുകളുടെ എണ്ണത്തില്‍ ഈ വര്‍ഷം 300 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്.

സ്പാം കോളിനിരയാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. ശരാശരി 37 സ്പാം കോളുകളാണ് ബ്രസീലിലെ ഒരു ഫോണ്‍ ഉപയോക്താവ് സ്വീകരിക്കേണ്ടി വരുന്നത്. ഇന്ത്യയിലെ സ്പാമര്‍മാരില്‍ 91 ശതമാനവും ടെലികോം സേവനദാതാക്കള്‍ തന്നെയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

സ്‌കാമര്‍മാരുടെ തട്ടിപ്പു കോളുകള്‍ 7% മാത്രം. ടെലിമാര്‍ക്കറ്റിങ് കോളുകള്‍ കേവലം 2%. അതേസമയം, യുഎസിലെ സ്പാം കോളുകളില്‍ സിംഹഭാഗവും ഇന്‍ഷൂറന്‍സ്, ബാങ്കിങ് രംഗത്തു നിന്നുള്ളതാണ്. സ്പാം കോളിനിരയാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ യുഎസിന് എട്ടാം സ്ഥാനമാണ്. കഴിഞ്ഞ വര്‍ഷം യുഎസ് രണ്ടാം സ്ഥാനത്തായിരുന്നു.