അത് കൂട്ടുകാരെ കാണിക്കാന്‍ തമാശയ്ക്കിട്ട വീഡിയോ; പൊട്ടിക്കരഞ്ഞ് ‘കിളിനക്കോട്ടെ പെണ്‍കുട്ടി’; കമന്റിട്ടവരും കുടുങ്ങും

single-img
21 December 2018

കിളിനക്കോട് സുഹൃത്തിന്റെ വിവാഹത്തിന് വന്ന പെണ്‍കുട്ടികള്‍ക്ക് നേരെ സദാചാര പോലീസ് ചമയുകയും പിന്നീട് സൈബര്‍ ആക്രമണം നടത്തുകയും ചെയ്ത കേസില്‍ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ലീഗ് നേതാവ് ഷംസു പുള്ളാട്ട് അടക്കം ആറുപേര്‍ക്കെതിരെയാണ് കേസ് എടുത്തിരുന്നത്.

ഇതില്‍ നാല് പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഐപിസി 143,147,506,149 എന്നിവ ചേര്‍ത്ത് വേങ്ങര പോലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്. പെണ്‍കുട്ടികളുടെ വീഡിയോയ്ക്ക് മറുപടി നല്‍കിയുള്ള വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലാണ് പോസ്റ്റ് ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

പെണ്‍കുട്ടികളെ അപമാനിച്ച് പോസ്റ്റിട്ടവരും കമന്റിട്ടവരെയും വലയിലാക്കാനുളള ശ്രമത്തിലാണ് പൊലീസ്. വാട്‌സാപ്പിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും വ്യക്തിപരമായ അധിക്ഷേപത്തിനും സൈബര്‍ ആക്രമണത്തിനും എതിരെ പെണ്‍കുട്ടികള്‍ പരാതി നല്‍കിയിരുന്നു.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതു പോലെ പെണ്‍കുട്ടികളെ സ്റ്റേഷനില്‍ വിളിച്ചു വരുത്തുകയോ കേസ് എടുക്കുകയോ ചെയ്തിട്ടില്ലെന്നും പെണ്‍കുട്ടികളുടെ നേരിട്ടുളള പരാതിയില്‍ കുറ്റക്കാര്‍ക്കെതിരെ കേസ് എടുക്കുകയായിരുന്നുവെന്നും വടകര എസ്‌ഐ സംഗീത് പുനത്തില്‍ പറഞ്ഞു. ആരും അവരെ വിളിച്ചു വരുത്തിയതല്ല രക്ഷിതാക്കള്‍ക്കൊപ്പം അവര്‍ നേരിട്ടു വന്നു പരാതി നല്‍കുകയായിരുന്നുവെന്നും എസ്‌ഐ പറഞ്ഞു.

അതേസമയം നാട്ടുകാരെ അപമാനിക്കാന്‍ വേണ്ടിയല്ല ആ വീഡിയോ എടുത്തതെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. വെറും തമാശയ്ക്കു വേണ്ടിയെടുത്ത വീഡിയോ ഞങ്ങളുടെ ജീവിതം തന്നെ തകര്‍ക്കുന്ന അവസ്ഥയിലാണ്. ഞങ്ങളുടെ സുഹൃത്തിന്റെ കല്യാണത്തിനു വേണ്ടിയാണ് അവിടെ എത്തിയത്. 12 പെണ്‍കുട്ടികളും 4 ആണ്‍കുട്ടികളും ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. പുതിയ പെണ്ണിന്റെ കൂടെനിന്നു ഞങ്ങള്‍ സെല്‍ഫി എടുത്തു.

ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് അവിടെ എത്തിയത്. 2.05 ന് അവിടെനിന്നിറങ്ങി. ഞങ്ങള്‍ സെല്‍ഫിയെടുക്കുന്നതും സംസാരിക്കുന്നതും ആളുകള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ആണ്‍കുട്ടികള്‍ ബൈക്കില്‍ പോയപ്പോള്‍ ഞങ്ങള്‍ നടന്നാണു പോയത്. അവിടെ വാഹനസൗകര്യം കുറവായിരുന്നു. 2.45 ന് മാത്രമാണ് പിന്നെ ബസ് ഉണ്ടായിരുന്നത്.

ഞങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ മോശം പ്രചാരണം നടത്തിയ വ്യക്തി അവിടെയെത്തുകയും മോശമായി സംസാരിക്കുകയും ചെയ്തു. കല്യാണത്തിനു വന്നാല്‍ കല്യാണം കൂടി പോകണമെന്നു തുടങ്ങി മോശമായ പലതും പറഞ്ഞു. ഞങ്ങള്‍ക്കു മോശം ഉദ്ദേശ്യം ഉണ്ടായിരുന്നുവെന്നും അതിനെ ചോദ്യം ചെയ്തപ്പോഴാണു ഞങ്ങള്‍ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ ഇട്ടതെന്നും ഇയാള്‍ പ്രചരിപ്പിക്കുകയാണെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു.

കണ്ണമംഗലത്തു കിളിനക്കോട്ട് വിവാഹത്തില്‍ പങ്കെടുത്തു തിരികെ പോവുകയായിരുന്ന വിദ്യാര്‍ത്ഥിനികള്‍ ഇതരമതക്കാര്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുത്തതാണ് ചില സാമൂഹിക വിരുദ്ധരെ ചൊടിപ്പിച്ചത്. ഇവര്‍ ചോദ്യം ചെയ്തതിന് പിന്നാലെ പെണ്‍കുട്ടികള്‍ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പോസറ്റ് ചെയ്യുകയായിരുന്നു.

ഈ വീഡിയോ പ്രചരിച്ചതോടെ നാടിനെ അപമാനിച്ചെന്ന് പറഞ്ഞ് പെണ്‍കുട്ടികള്‍ക്കെതിരേ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഷംസു പുള്ളാട്ട് അടക്കമുള്ളവര്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികള്‍ വേങ്ങര പോലീസില്‍ പരാതി നല്‍കി. വിവാദമായതോടെ വീഡിയോയിലൂടെ ഷംസു ഖേദം പ്രകടിപ്പിച്ചിരുന്നു.