ബി.ജെ.പി വിട്ട മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയും യുപിഎയില്‍: ബിഹാറില്‍ മഹാസഖ്യം രൂപീകരിച്ചു: ബി​ജെ​പി​ക്കു വെ​ല്ലു​വി​ളി

single-img
20 December 2018

ബിഹാറില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം രൂപീകരിച്ചു. ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്തു നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സഖ്യം സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. അഹമ്മദ് പട്ടേല്‍, ശരദ് യാദവ്, തേജസ്വി യാദവ് തുടങ്ങിയവര്‍ പങ്കെടുത്തു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലാണ് സഖ്യം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കേന്ദ്രസഹമന്ത്രി സ്ഥാനം രാജിവച്ച ആര്‍എല്‍എസ്പി നേതാവ് ഉപേന്ദ്ര കുശ്വാഹയും സന്നിഹിതനായിരുന്നു. ബിഹാറില്‍ എന്‍ഡിഎക്ക് ഈ സഖ്യം കടുത്ത ഭീഷണിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സംസ്ഥാനത്ത് ജെഡിയു, ബിജെപി എന്നിവയ്ക്ക് പുറമെ എന്‍ഡിഎയുടെ ഭാഗമായ പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയും ബിജെപിയും തമ്മിലും ചില ഭിന്നതകളുണ്ടായിട്ടുണ്ട്. ആര്‍ജെഡി നേതാവ് തേജസ്വി യാദവുമായി കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തിയ ചര്‍ച്ചകളിലാണു സഖ്യ ധാരണ രൂപപ്പെട്ടത്.

മൂന്നു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു വിജയത്തിനു ശേഷം ബിഹാറിലും സഖ്യം രൂപീകരിക്കാന്‍ കഴിഞ്ഞതു കോണ്‍ഗ്രസിനു കരുത്താകും. നേരത്തെ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കുശ്വാഹ ചര്‍ച്ച നടത്തിയിരുന്നു.

ഉപേന്ദ്ര കുശ്വാഹയുടെ പാര്‍ട്ടിക്ക് ബിഹാറില്‍ ആറു ശതമാനത്തോളം വോട്ടുണ്ട്. ആര്‍.എല്‍.എസ്.പിയുടെ മൂന്ന് നിയമസഭാ/കൗണ്‍സില്‍ അംഗങ്ങള്‍ എന്‍.ഡി.എ മുന്നണിയില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഉപേന്ദ്ര കുശ്വാഹ സഖ്യത്തിനൊപ്പം ചേര്‍ന്നതില്‍ സേേന്താഷമുണ്ടെന്ന് കോണ്‍ഗ്രസ് ലീഡര്‍ അഹമ്മദ് പട്ടേല്‍ പറഞ്ഞു.

പക്വതയുള്ള നേതാവായി രാഹുല്‍ ഗാന്ധി വളര്‍ന്നു കഴിഞ്ഞെന്നും അടുത്ത വര്‍ഷം പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിയ്ക്ക് പകരം വയ്ക്കാന്‍ രാഹുലിനെ തെരഞ്ഞെടുക്കാമെന്നും കുശ്വാഹ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.