സിപിഎമ്മിന് പിരിവ് നല്‍കിയില്ല; കൊച്ചിയില്‍ വയോധികന്റെ കടയില്‍ കരിഓയില്‍ ഒഴിച്ചു

single-img
20 December 2018

പാര്‍ട്ടി പിരിവ് നല്‍കാത്തതിനെ തുടര്‍ന്ന് വയോധികന്റെ കടയില്‍ കരിഓയില്‍ ഒഴിച്ചതായി പരാതി. എറണാകുളം തൃപ്പൂണിത്തുറ പേട്ട ബസ് സ്റ്റോപ്പിന് സമീപം കച്ചവടം നടത്തുന്ന അബൂബക്കറിന്റെ കടയിലാണ് സംഭവം. അഞ്ഞൂറ് രൂപ പിരിവ് നല്‍കണമെന്നാവശ്യപ്പെട്ടാണ് സിപിഎം പ്രവര്‍ത്തകര്‍ കടയില്‍ എത്തിയത്.

എന്നാല്‍ വീട്ടില്‍ നിന്ന് പാര്‍ട്ടി ഫണ്ടിലേക്ക് പണം നല്‍കിയെന്നും രണ്ടുതവണ പണം നല്‍കാന്‍ കഴിയില്ലെന്നും അബൂബക്കര്‍ അറിയിച്ചു. തുടര്‍ന്ന് രസീത് നല്‍കി പ്രവര്‍ത്തകര്‍ മടങ്ങി. എന്നാല്‍ അടുത്ത ദിവസം രാവിലെ കട തുറക്കാനെത്തിയപ്പോള്‍ മുന്‍വശത്ത് കരി ഓയില്‍ ഒഴിച്ചിരുന്നതായി അബൂബക്കര്‍ പറയുന്നു.

പ്രശ്‌നം കൈവിട്ടുവെന്നുറപ്പായപ്പോള്‍ കൗണ്‍സിലറും പ്രാദേശിക പാര്‍ട്ടി നേതാക്കളും കടയിലെത്തി മാപ്പ് പറഞ്ഞതായും പണം നല്‍കേണ്ടതില്ലെന്ന് അറിയിച്ചുവെന്നും അബൂബക്കര്‍ കൂട്ടിച്ചേര്‍ത്തു. ഈ വിഷയം നേരത്തെ തന്നെ പറഞ്ഞ് പരിഹരിച്ചതാണെന്നും കരി ഓയില്‍ ഒഴിച്ച് മറ്റാരോ അവസരം മുതലെടുത്തതാണെന്നും പാര്‍ട്ടിയുടെ തൃപ്പൂണിത്തുറ നേതൃത്വം അറിയിച്ചു.