‘2019 കേരളത്തില്‍ ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായിരിക്കും’: ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും കടകള്‍ തുറക്കാനും ബസുകള്‍ സര്‍വീസ് നടത്താനും തീരുമാനം

single-img
20 December 2018

2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി പ്രഖ്യാപിക്കാന്‍ ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മയുടെ തീരുമാനം. എല്ലാ ജില്ലകളിലും ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിക്കും. ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറക്കാനും ബസുകള്‍ സര്‍വീസ് നടത്താനും ഇന്ന് ചേര്‍ന്ന വ്യാപാരി സംഘടനകളുടെ യോഗത്തില്‍ തീരുമാനമായി. 32 സംഘടനകളാണ് കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്.

ഹര്‍ത്താലുകള്‍ക്ക് മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കരുതെന്നും കോഴിക്കോട് ചേര്‍ന്ന് യോഗത്തിന് ശേഷം ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ പറഞ്ഞു. ദേശീയ പണിമുടക്കില്‍ തീരുമാനം പിന്നീട് അറിയിക്കുമെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായുണ്ടായ ഹര്‍ത്താലിനെ തുടര്‍ന്ന് വ്യാപാരികള്‍ ബുദ്ധിമുട്ടിലായിരുന്നു.

ഇതോടെ കോഴിക്കോട് മിഠായി തെരുവിലും തിരുവനന്തപുരം ചാല മാര്‍ക്കറ്റിലുമുള്ള വ്യാപാരികള്‍ ഹര്‍ത്താലിനെതിരെ രംഗത്തെത്തിയിരുന്നു. ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതിയും അറിയിച്ചിരുന്നു.