സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകി ഓടുന്നു; എറണാകുളം-തൃശ്ശൂര്‍ പാതയില്‍ പൂര്‍ണമായും ഗതാഗതം സ്തംഭിച്ചു; യാത്രക്കാര്‍ ദുരിതത്തില്‍

single-img
19 December 2018

തൃശൂര്‍ എറണാകുളം റെയില്‍പാതയില്‍ വൈദ്യുതി തടസമുണ്ടായതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി ഓടുന്നു. അങ്കമാലിയില്‍ റെയില്‍പാളത്തില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണതിനെ തുടര്‍ന്നാണ് സംഭവം. ട്രെയിനുകള്‍ ഒരു മണിക്കൂര്‍ വൈകിയാണ് ഓടുന്നത്.

തൃശ്ശൂര്‍-എറണാകുളം പാതയില്‍ ഇരു ദിശകളിലേക്കുമുള്ള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ട്രെയിനുകളെല്ലാം വിവിധയിടങ്ങളില്‍ പിടിച്ചിട്ടിരിക്കുകയാണ്. എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനിന്റെ എഞ്ചിന്‍ ചൊവ്വരയില്‍ കേടായി കിടക്കുന്നതിനെത്തുടര്‍ന്ന് തൃശ്ശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു.

ഗതാഗതം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഗതാഗതം പഴയ രീതിയിലാകണമെങ്കില്‍ 11 മണിയെങ്കിലുമാകണമെന്നാണ് റയില്‍വേ അറിയിച്ചത്. കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി മൂലം സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനാല്‍ കൂടുതല്‍ ആളുകള്‍ ഇന്ന് ട്രെയിനിനെ ആശ്രയിച്ചിരുന്നു.

റയില്‍ ഗതാഗതം കൂടി താല്‍ക്കാലികമായി സ്തംഭിച്ചതോടെ യാത്രക്കാര്‍ വലഞ്ഞിരിക്കുകയാണ്. ട്രെയിനുകള്‍ പിടിച്ചിട്ടതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ സ്റ്റേഷനുകളില്‍ കുടുങ്ങി. പലരും യാത്രയ്ക്കായി മറ്റു മാര്‍ഗങ്ങള്‍ തേടി.