ചാനല്‍ ചര്‍ച്ചയില്‍ ‘വടികൊടുത്ത് അടിവാങ്ങി’ ശോഭാസുരേന്ദ്രന്‍; ഒടുവില്‍ ഫോണ്‍കട്ട് ചെയ്ത് മുങ്ങി: വീഡിയോ

single-img
19 December 2018

കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലിന്റെ ചര്‍ച്ചയിലാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് വന്‍ അബദ്ധം പിണഞ്ഞത്. പത്തനംതിട്ട ജില്ലയിലെ പ്രവര്‍ത്തകര്‍ പോലും ശബരിമല വിഷയം പ്രധാനമന്ത്രിയോട് ചോദിക്കാത്തത് എന്തെന്ന ചോദ്യമാണ് അവതാരകന്‍ ചോദിച്ചത്.

ഇതിന് ഉത്തരമായി അഭിലാഷിന് അത് മനസിലാവില്ലെന്നും അവതാരകന്‍ എന്നതില്‍ ഉപരിയായി ബി.ജെ.പിയെ എങ്ങിനെയെങ്കിലും താറടിച്ച് കാണിക്കുന്നതാണ് താല്‍പര്യമെന്നും ശോഭ മറുപടി പറഞ്ഞു. അവതാരകന്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചപ്പോള്‍, ബി.ജെ.പിയുടെ പ്രവര്‍ത്തകര്‍ അത്യാവശ്യം തലയ്ക്കകത്ത് ആള്‍താമസമുള്ളവരാണെന്നും അവര്‍ക്ക് അറിയാം അത് കേരളത്തിന്റെ കണ്‍കറന്റ് ലിസ്റ്റിലുള്ള സംഭവമാണെന്നും ശോഭ മറുപടി നല്‍കി.

കേരളത്തിന് കണ്‍കറന്റ് ലിസ്റ്റ് എന്ന് പറയുന്ന ഒന്നില്ലെന്ന് ശോഭസുരേന്ദ്രനെ അവതാരകന്‍ ഓര്‍മ്മിപ്പിച്ചെങ്കിലും കേള്‍ക്കാന്‍ തയ്യാറാകാതെ ശോഭ സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് എന്താണ് കണ്‍കറന്റ് ലിസ്റ്റ് എന്ന് എ.എ റഹിം ചോദിച്ചെങ്കിലും പിണറായിയോട് പോയി ചോദിക്കാനായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി. എന്നാല്‍ ചോദ്യത്തില്‍ ഉറച്ചുനിന്ന റഹിമിനോട് കൂടുതല്‍ സംസാരിക്കാതെ ശോഭാ സുരേന്ദ്രന്‍ ചര്‍ച്ചയില്‍നിന്ന് ഒഴിവാകുകയും ചെയ്തു.

പാര്‍ലമെന്റുകളും സംസ്ഥാന നിയമസഭകളും സമാന്തരമായി നിയമമാക്കുന്ന പട്ടികയാണ് യഥാര്‍ത്ഥത്തില്‍ കണ്‍കറന്റ് ലിസ്റ്റ്. ശബരിമല വിഷയം യഥാര്‍ത്ഥത്തില്‍ കണ്‍കറന്റ് ലിസ്റ്റിലുള്ള വിഷയമല്ല. ഇനി കണ്‍കറന്റ് ലിസ്റ്റിലുള്ള വിഷയമാണെങ്കില്‍ സംസ്ഥാനം ആവശ്യപ്പെടാതെതന്നെ കേന്ദ്രത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ നിയമതടസ്സമില്ല.