ഗുജറാത്തിലേയും ത്രിപുരയിലേയും ബിജെപി സര്‍ക്കാരുകള്‍ ഉണര്‍ന്നു; അടുത്ത ഊഴം പ്രധാനമന്ത്രിയുടേത്: ഓര്‍മിപ്പിച്ച് രാഹുല്‍

single-img
19 December 2018

മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ പുതുതായി വന്ന കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയത് അസം, ഗുജറാത്ത് സര്‍ക്കാറുകള്‍ക്ക് പ്രേരണയായെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് സര്‍ക്കാറുകളുടെ നടപടിയെ തുടര്‍ന്നാണ് അസം, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളും കടങ്ങള്‍ എഴുതിത്തള്ളിയതെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

”അസം, ഗുജറാത്ത് മുഖ്യമന്ത്രിമാരെ ഗാഢ നിദ്രയില്‍ നിന്ന് ഉണര്‍ത്തിയത് കോണ്‍ഗ്രസാണ്. പ്രധാനമന്ത്രി ഇപ്പോഴും ഉറക്കത്തിലാണ്. അദ്ദേഹത്തേയും ഞങ്ങള്‍ ഉണര്‍ത്തും” രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

അധികാരത്തിലെത്തിയാല്‍ പത്തു ദിവസത്തിനുള്ളില്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. അധികാരത്തിലേറി മണിക്കൂറുകള്‍ക്കകം രണ്ടു സംസ്ഥാനങ്ങളില്‍ അത് നടപ്പിലാക്കുകയും ചെയ്തു. തുടര്‍ന്നാണ് ഗുജറാത്തില്‍ വിജയ് രൂപാനിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 600 കോടിയുടെ കര്‍ഷകകടം എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചത്.

കാര്‍ഷികകുടുംബങ്ങളുടെ വൈദ്യുതബില്ലാണ് എഴുതിത്തള്ളാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചത്. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് എട്ട് ലക്ഷം കര്‍ഷകരുടെ 600 കോടിയോളം രൂപയുടെ കടം ഇളവ് ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഇതോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ നടപടി കണ്ട് ബിജെപി സര്‍ക്കാരുകളും കര്‍ഷകര്‍ക്ക് അനുകൂലമായ നടപടി എടുത്തുവെന്നും ഇനി പ്രധാനമന്ത്രി മാത്രമേ ഉണരാനുള്ളുവെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.