കണ്ണുരുട്ടലും ഭീഷണിയും വേണ്ട, കണ്ട് ഭയപ്പെടില്ല: എന്‍എസ്എസ്സിന് മുഖ്യമന്ത്രിയുടെ മറുപടി

single-img
19 December 2018

എന്‍എസ്എസിന് പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുമ്പോള്‍ ഭീഷണി ഉണ്ടാകുമെന്ന് പിണറായി വിജയന്‍ പറഞ്ഞു. കണ്ണുരുട്ടലും ഭീഷണിയും വേണ്ട. ഇതൊന്നും കണ്ട് സര്‍ക്കാര്‍ ഭയപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഞങ്ങള്‍ മറ്റാരുടെയും തൊഴുത്തില്‍ ഒതുങ്ങുന്നവരല്ലെന്നും അതിന് ശ്രമിച്ചവര്‍ നിരാശരായ ചരിത്രമാണ് ഉള്ളതെന്ന് ഓര്‍ക്കണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ഇന്ന് പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

തിരുവനന്തപുരം വിജെടി ഹാളില്‍ നടന്ന ന്യൂനപക്ഷദിനാചരണത്തിന്റെ സമാപനച്ചടങ്ങിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ”ഇത്തരത്തില്‍ പല തരത്തിലുള്ള ഭീഷണികളുമുണ്ടാകും, അതൊക്കെ സര്‍ക്കാര്‍ മറികടക്കും”, മുഖ്യമന്ത്രി പറഞ്ഞു.

‘കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ഈ വര്‍ഗീയതയുമായി സമരസപ്പെടുകയാണ് കോണ്‍ഗ്രസ്. ആര്‍എസ്എസ്സിന്റെ ബി ടീമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. ബി ടീമായി നിന്ന് എ ടീമിനെ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് മനസ്സിലാക്കണം. കോണ്‍ഗ്രസിനെ ആര്‍എസ്എസ് വിഴുങ്ങും’, മുഖ്യമന്ത്രി പറഞ്ഞു.