ഇനിമുതല്‍ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് ലെവി അടക്കേണ്ടി വരും; പുതിയ ‘പദ്ധതിയുമായി’ മോദി സര്‍ക്കാര്‍

single-img
19 December 2018

രാജ്യത്ത് വര്‍ധിച്ച് വരുന്ന വാഹനപ്പെരുപ്പവും, മലിനീകരണവും തടയാന്‍ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പുതിയ പെട്രോള്‍, ഡീസല്‍ കാറുകള്‍ വാങ്ങുമ്പോള്‍ അധികമായി 12,000 രൂപ ലെവി ഇനത്തില്‍ നല്‍കേണ്ടി വരും.

ഇലക്ട്രിക് കാറുകള്‍, ബാറ്ററി നിര്‍മാണം എന്നിവയുടെ പ്രോത്സാഹനത്തിനായി ഇന്‍സന്റീവ് നല്‍കുന്നതിന് പണം സമാഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച പ്ലാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും മുചക്ര വാഹനങ്ങളും കാറുകളും വാങ്ങുമ്പോള്‍ 25,000 രൂപ മുതല്‍ 50,000 രൂപവരെ ആദ്യത്തെ വര്‍ഷം ആനുകൂല്യം നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് നീതി ആയോഗിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

നാലാമത്തെ വര്‍ഷമാകുമ്പോഴേയ്ക്കും ആനുകൂല്യം 15,000 രൂപയായി കുറച്ചുകൊണ്ടുവരണമെന്നും കരട് പ്ലാനില്‍ പറയുന്നു. സര്‍ക്കാര്‍ ഇതിനായി ബജറ്റില്‍ 732 കോടി നീക്കിവെയ്ക്കും. പ്രാദേശികമായി ബാറ്ററി നിര്‍മിക്കുന്നതിന് ആനുകൂല്യം നല്‍കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കിലോവാട്ടിന് 6000 രൂപവീതമായിരിക്കും ആനുകൂല്യം നല്‍കുക.