ഒന്നും രണ്ടും വയസ്സുള്ള കുട്ടികളെ കാറിനുള്ളില്‍ പൂട്ടിയിട്ട് പാര്‍ട്ടിക്ക് പോയി; കുട്ടികള്‍ ചൂടേറ്റുമരിച്ചു; അമ്മയ്ക്ക് 40 വര്‍ഷം തടവുശിക്ഷ

single-img
19 December 2018

ഒന്നും രണ്ടും വയസ്സുള്ള പെണ്‍കുട്ടികളെ കാറിനുള്ളില്‍ പൂട്ടിയിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷത്തിനു പോയ അമ്മയ്ക്ക് 40 വര്‍ഷം തടവുശിക്ഷ. ചുട്ടുപഴുത്ത കാറിന്റെ ചൂടേറ്റ് രണ്ട് കുട്ടികളും മരണപ്പെടുകയായിരുന്നു. 2017 ജൂണ്‍ ഏഴിനാണ് അമാന്‍ഡ ഹോകിന്‍സ് (19) ഒന്നും രണ്ടും വയസ്സുള്ള പെണ്‍മക്കളുമായി ഹില്‍ കണ്‍ട്രിയിലെ ആശുപത്രിയില്‍ എത്തിയത്.

അവശനിലയിലായിരുന്നു കുട്ടികള്‍. പൂക്കളുടെ ഗന്ധം ശ്വസിച്ചതാണ് കാരണമെന്നാണ് അമ്മ പറഞ്ഞത്. എന്നാല്‍ പൂക്കളല്ല കുറ്റക്കാരെന്ന് പോലീസ് കണ്ടെത്തിയതോടെയാണ് അമ്മയുടെ കൈകളില്‍ വിലങ്ങ് വീണത്. 15-18 മണിക്കൂര്‍ ആണ് ഇവരെ കാറിനുള്ളില്‍ അടച്ചിട്ടത്.

ഈ സമയത്ത് 90 ഡിഗ്രി ചൂടാണ് ഇവര്‍ അനുഭവിച്ചത്. കുട്ടികള്‍ കാറിനുള്ളില്‍ കിടന്ന് കരയുന്നത് കണ്ടതോടെ ചിലര്‍ ഇക്കാര്യം അമ്മയെ അറിയിച്ചുവെങ്കിലും അവര്‍ക്ക് കുഴപ്പമൊന്നുമില്ലെന്നും ഉറങ്ങാന്‍ വേണ്ടിയാണ് കരയുന്നതെന്നുമാണ് ആ അമ്മ പറഞ്ഞത്.

രാത്രി ആഘോഷവും സുഹൃത്തിനൊപ്പം കിടക്കയും പങ്കിട്ട ശേഷം ഉച്ചയോടെ ഉറക്കമുണര്‍ന്ന അവര്‍ കാറില്‍ എത്തുമ്പോള്‍ കുട്ടികള്‍ അവശ നിലയിലായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതോടെ കോടതി യുവതിക്ക് 40 വര്‍ഷം തടവുശിക്ഷ വിധിക്കുകയായിരുന്നു.