സജ്ജന്‍ കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു

single-img
18 December 2018

സിഖ് വിരുദ്ധ കലാപത്തില്‍ കുറ്റക്കാരനാണെന്ന് ഡല്‍ഹി ഹൈകോടതി കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കിയ കത്തിലാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നതായി സജ്ജന്‍ കുമാര്‍ അറിയിച്ചത്.

തനിക്കെതിരായ ഡല്‍ഹി ഹൈക്കോടതി വിധി വന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം ഞാന്‍ രാജിവയ്ക്കുന്നു. രാഹുല്‍ ഗാന്ധിക്ക് നല്‍കിയ കത്തില്‍ സജ്ജന്‍ കുമാര്‍ പറഞ്ഞു. തിങ്കളാഴ്ചയാണ് സജ്ജന്‍കുമാറിന് എതിരായ ഹൈക്കോടതി വിധി വന്നത്.

സിഖ് വിരുദ്ധ കലാപത്തില്‍ സജ്ജന്‍കുമാറിന് പങ്കുണ്ടെന്ന് തെളിഞ്ഞതോടെ ജീവപര്യന്തം ശിക്ഷ വിധിക്കുകയാണ് കോടതി ചെയ്തത്. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസിനെതിരായ ആക്ഷേപങ്ങള്‍ ബിജെപി ശക്തമാക്കിയിരുന്നു. പലയിടങ്ങളില്‍ നിന്നുമുള്ള സമ്മര്‍ദ്ദമാണ് സജ്ജന്‍കുമാറിന്റെ രാജിക്ക് പിന്നിലെന്നാണ് സൂചന.