വിവാഹത്തിനു മുമ്പ് 20 യുവതികളെ പീഡിപ്പിച്ച വിവരം ഭാര്യയോട് മാത്രം പറഞ്ഞു; 9 വര്‍ഷത്തിനു ശേഷം ഭാര്യ രഹസ്യം പരസ്യമാക്കി; ഒടുവില്‍ ‘ഫെയര്‍ഫാക്‌സ് റേപ്പിസ്റ്റ്’ അഴിക്കുള്ളിലായി

single-img
18 December 2018

അമേരിക്കയിലെ വെര്‍ജീനിയയിലെ കോടതിമുറിയിലാണ് സിനിമാക്കഥയെ വെല്ലുന്ന സംഭവം ഉണ്ടായത്. ഭാര്യയും ഭര്‍ത്താവും വിവാഹമോചിതരാകാന്‍ തീരുമാനിച്ചതോടെ ഭര്‍ത്താവ് പറഞ്ഞ രഹസ്യം ഭാര്യ കോടതിയില്‍ വെളിപ്പെടുത്തിയതോടെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ക്രൂരത പുറം ലോകം അറിഞ്ഞത്.

വിവാഹത്തിന് മുമ്പ് താന്‍ ഇരുപത് സ്ത്രീകളെ പീഡിപ്പിച്ച വിവരം ജൂഡ് ലോവ്ചിക് ഭാര്യയോട് പറഞ്ഞിരുന്നു. ഇക്കാര്യമാണ് ഭാര്യ കോടതിയില്‍ പറഞ്ഞത്. സെന്റര്‍ വില്ല റേപ്പിസ്റ്റ് ജൂഡ് ആണെന്ന സത്യം കോടതി ഞെട്ടലോടെയാണ് കേട്ടത്. 1990 കളില്‍ നടന്ന പീഡനങ്ങളെ കുറിച്ചാണു ജൂഡ്, കാതറിനോടു ഒന്‍പതു വര്‍ഷം മുന്‍പാണ് മനസ്സുതുറന്നത്.

ഇരുവരും തമ്മിലുള്ള വിവാഹത്തിനു മുന്‍പായിരുന്നു അത്, 2009 ല്‍. വീട്ടിലെ ശുചിമുറിയില്‍ സൂക്ഷിച്ച കറുത്ത മുഖംമൂടി എടുത്തുകാണിച്ചു ജൂഡ് പറഞ്ഞു: ‘നിനക്കറിയാമോ ഈ മുഖംമൂടി ധരിച്ച് 20 യുവതികളെ ഞാന്‍ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. വിര്‍ജീനയയിലെ ‘ഫെയര്‍ഫാക്‌സ് റേപ്പിസ്റ്റ്’ ഞാനാണ്’.

പിന്നീട് ഭര്‍ത്താവായി മാറിയ ജൂഡുമായി കാതറിന്റെ ആദ്യ കൂടിക്കാഴ്ചയും ഓര്‍ക്കാന്‍ സുഖമുള്ളതായിരുന്നില്ല. വെര്‍ജീനിയ സ്പ്രിങ്ഫീല്‍ഡിലെ വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്നു അന്നു കാതറിന്‍. പൊടുന്നനെ പ്രത്യക്ഷപ്പെട്ട ജൂഡ്, കാതറിന്റെ വായ് പൊത്തിപ്പിടിച്ചു.

തലയിലേക്ക് എയര്‍ഗണ്‍ ചൂണ്ടി ബഹളമുണ്ടാക്കരുതെന്നു ഭീഷണിപ്പെടുത്തി. അവളെ വീട്ടിനുള്ളില്‍ കൊണ്ടുപോയി അടുക്കളയില്‍ ഒരു കസേരയില്‍ കെട്ടിയിട്ടു, ബലാല്‍ക്കാരമായി പീഡിപ്പിച്ചു. ഹൃദയം തകര്‍ക്കുന്ന സംഭവമായിരുന്നു അതെങ്കിലും കാതറിനും ജൂഡും 2010 ല്‍ വിവാഹിതരായി.

ഇവര്‍ക്കൊരു മകള്‍ പിറന്നു. എന്നാല്‍ ദാമ്പത്യം നീണ്ടത് ആറു വര്‍ഷം മാത്രം. 2016 ല്‍ ഇരുവരും പിരിയാന്‍ തീരുമാനിച്ചു. വിവാഹമോചന ഹര്‍ജി പരിഗണിക്കവേ കുഞ്ഞിനെ ഒപ്പംനിര്‍ത്താനുള്ള അവകാശം കാതറിനില്‍നിന്നു ജൂഡിനു കോടതി നല്‍കി. ആ തീരുമാനം ശരിയല്ലെന്നു തെളിയിക്കാനുളള വാദത്തിലാണ് 1995 ലെ റസ്റ്റന്‍ അപ്പാര്‍ട്‌മെന്റ് പീഡനത്തെക്കുറിച്ച് ജൂഡ് മുന്‍പു പറഞ്ഞ വിവരങ്ങള്‍ കാതറിന്‍ കോടതിയോടു വെളിപ്പെടുത്തിയത്.

ഇരകളുടെ ഓര്‍മ്മ മറയുന്നതിനായി ഗറ്റോറെയ്ഡ് കുടിപ്പിച്ച ശേഷമായിരുന്നു പീഡനം. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഇരകളെ ഭീഷണിപ്പെടുത്തി. തെളിവ് അവശേഷിക്കാതിരിക്കാന്‍ മുറിപോലും വൃത്തിയാക്കിയാണ് ഇയാള്‍ രക്ഷപ്പെടുക. മുഖം മൂടിയും അന്ന് മുറിവൃത്തിയാക്കാന്‍ ഉപയോഗിച്ച വാക്വം ക്ലീനറും പോലീസ് ജൂഡിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തു. ശാസ്ത്രീയ തെളിവുകളോടെ ജൂഡ് തന്നെയാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ഫെയര്‍ഫാക്‌സ് സര്‍ക്യൂട്ട് കോടതി ചൊവ്വാഴ്ച കേസില്‍ ജൂഡിനു ശിക്ഷ വിധിക്കും.