ഈ ചിത്രം വൈറലായതിനു പിന്നില്‍ കണ്ണീരില്‍ കുതിര്‍ന്നൊരു കഥയുണ്ട്

single-img
18 December 2018

കണ്ണീരോടെ ടിക്കറ്റ് മെഷീന്‍ തിരിച്ചു നല്‍കുന്ന ഒരു കെഎസ്ആര്‍ടിസി കണ്ടക്ടറുടെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ചിത്രം കണ്ട പലരും ജോലിയില്‍ നിന്ന് വിരമിക്കുന്നയാളുടെ സങ്കടം എന്ന രീതിയിലാണ് ചിത്രത്തെ നോക്കിക്കണ്ടത്.

പക്ഷേ മലയാളികള്‍ക്കൊരു നീറുന്ന ജീവിത ചിത്രമായിരുന്നു അത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ട 3861 കണ്ടക്ടര്‍മാരില്‍ ഒരാളായ മൂവാറ്റുപുഴ സ്വദേശിയായ നസീറിന്റെ ചിത്രമായിരുന്നു അത്. എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധിയുടെ ആഘാതത്തില്‍ എറണാകുളം ഡിപ്പോയ്ക്കു മുന്നില്‍ കണ്ണീരോടെ ടിക്കറ്റ് മെഷീന്‍ തിരിച്ചു നല്‍കുന്നതിനിടെയാണ് നസീര്‍ ചിത്രത്തിലായത്.

എറണാകുളം കുമളി ഫാസ്റ്റ് പാസഞ്ചര്‍ ബസിലെ കണ്ടക്ടറായിരുന്നു നസീര്‍. 2007 നവംബറില്‍ ജോലിക്ക് കയറുമ്പോള്‍ 110 രൂപയായിരുന്നു ശമ്പളമെന്ന് നസീര്‍ പറയുന്നു. ഇന്നത് 480 ആയി. നാട്ടിലെ കൂലിപ്പണിക്കാര്‍ക്ക് പോലും ഇതിലും നല്ല ശമ്പളം ലഭിക്കാറുണ്ട്. തന്റെ ജോലി ആശ്രയിച്ച് മാത്രമാണ് കുടുംബം മുന്നോട്ടുപോകുന്നത്.

മകളുടെ വിവാഹം രണ്ടുമാസത്തിനുള്ളില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കെയാണ് ജോലി നഷ്ടമായത്. ഡിഗ്രിക്ക് പഠിക്കുന്ന മകളുടെയും പത്താം ക്ലാസില്‍ പഠിക്കുന്ന മകന്റെയും വിദ്യാഭ്യാസച്ചെലവുകളും ഭാര്യ ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ജീവിതമാര്‍ഗവുമാണ് ജോലി പോയതോടെ വഴിമുട്ടിയതെന്നും നസീര്‍ പറയുന്നു.

2007ലാണ് എംപ്‌ളോയിമെന്റ് എക്‌സ്‌ചേഞ്ച് വഴി കെ.എസ്.ആര്‍.ടി.സിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ദിവസക്കൂലി അല്ലാതെ മറ്റൊരാനുകൂല്യങ്ങളും തങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിരുന്നില്ലെന്ന് നസീര്‍ പറയുന്നു. ഇടയ്ക്ക് അപകടത്തില്‍ പെട്ട് നാല് മാസം കിടപ്പിലായിരുന്നപ്പോള്‍ പോലും അധികൃതരില്‍ നിന്ന് ഒരു സഹായവും ലഭിച്ചില്ല.

ജോലിക്ക് കയറുമ്പോള്‍ 5000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കിയിരുന്നു. അതിനെക്കുറിച്ചും ഇപ്പോള്‍ യാതൊരു വിവരമുമില്ല. ഉണ്ടായിരുന്ന ജോലിയും നഷ്ടമാതോടെ, മകളുടെ വിവാഹമടക്കം ഇനി മുന്നിലുള്ള പ്രാരാബ്ധങ്ങളില്‍ പകച്ചു നില്‍ക്കാനെ നസീറിന് കഴിയുന്നുള്ളു.

കണ്ടക്ടറായി ജോലിക്ക് കയറുന്നതിന് മുമ്പ് പെയിന്റ് പണിക്ക് പോയിരുന്നു. എന്നാല്‍ അപകടത്തില്‍ കൈയ്ക്ക് പരിക്കേറ്റതിന് ശേഷം അതിനും കഴിയാത്ത അവസ്ഥയാണിപ്പോള്‍. നസീറിന്റെ സമാന അവസ്ഥ തന്നെയാണ് ജോലി നഷ്ടമായവരില്‍ ഭൂരിഭാഗത്തിനും.

പി.എസ്.സി നിഷ്‌കര്‍ഷിച്ചിട്ടുള്ളയുടെ പ്രായപരിധി പിന്നിട്ടവരാണ് പലരും. തിങ്കളാഴ്ച മാത്രമാണ് ജോലി നഷ്‌പ്പെട്ട വിവരം മിക്കവരും അറിയുന്നത്. ഒരു താത്കാലിക ജീവനക്കാരന്‍ പോലും തുടരരുതെന്ന ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം വന്നതോടെയാണ് 3861 കുടുംബങ്ങളുടെ അന്നം മുട്ടിയത്.

കടപ്പാട്: കേരള കൗമുദി