മോദി തരംഗം അവസാനിച്ചു: മോദി പ്രചരണം നടത്തിയ 70 ശതമാനത്തിലേറെ മണ്ഡലങ്ങളിലും ബി.ജെ.പി ‘എട്ടുനിലയില്‍പൊട്ടി’

single-img
18 December 2018

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ മോദിപ്രഭാവത്തിനേറ്റ മങ്ങലും ദേശീയ രാഷ്ട്രീയത്തിലെ ശക്തമായ മുഖമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കടന്നുവരവുമാണ് രാഷ്ട്രീയ ഗോധയില്‍ ചര്‍ച്ചയാകുന്നത്. അധികാരത്തിലിരുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ ബിജെപി കൈവിട്ടതോടെ നരേന്ദ്ര മോദിയെന്ന വന്‍വൃക്ഷത്തിന്റെ തണലില്‍ എക്കാലവും നിലനില്‍ക്കാനാവില്ലെന്ന തിരിച്ചറിവു കൂടിയാണ് ബിജെപിക്കു ലഭിച്ചത്.

അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിനെത്തിയ ഭൂരീഭാഗം മണ്ഡലങ്ങളിലും ബിജെപിക്ക് തോല്‍വിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ നരേന്ദ്ര മോദി പ്രചാരണത്തിന് എത്തിയ 70 ശതമാനം നിയമസഭാ മണ്ഡലങ്ങളിലും ബി.ജെ.പി തോല്‍വി ഏറ്റുവാങ്ങിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

80 മണ്ഡലങ്ങളിലാണ് പ്രധാനമന്ത്രി പ്രചാരണത്തിനെത്തിയത്. ഇതില്‍ 57 ഇടങ്ങളിലും ബിജെപി പരാജയപ്പെട്ടു. 23 മണ്ഡലങ്ങളിലാണ് വിജയിച്ചത്. മോദി ഏറ്റവും കൂടുതല്‍ പ്രചാരണങ്ങള്‍ നയിച്ചത് മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ്–- 22 റാലികള്‍ നടത്തി.

എന്നാല്‍ 54 സീറ്റില്‍ 22 ഇടത്തു മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്. ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ 26 മണ്ഡലങ്ങളിലായി എട്ടു പ്രചാരണ റാലികളിലാണ് മോദി പങ്കെടുത്തത്. എന്നാല്‍ വിജയിച്ചത് ഒരു മണ്ഡലത്തില്‍ മാത്രം.

ഇന്ത്യസ്‌പെന്‍ഡാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. മോദിയുടെ പ്രഭാവം മങ്ങിയെന്നതിനു തെളിവാണിതെന്ന് എതിരാളികള്‍ പറയുന്നു. മോദിക്കൊപ്പം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രചരണം നടത്തിയ പല പ്രധാന മണ്ഡലങ്ങളിലും പാര്‍ട്ടി തോല്‍വിയറിഞ്ഞു. ബി.ജെ.പിയുടെ ശക്തികേന്ദ്രമായിരുന്ന ഇടങ്ങളാണ് പാര്‍ട്ടിക്ക് നഷ്ടമായത്.