‘നിങ്ങള്‍ക്ക് എന്റെ പവര്‍ അറിയില്ല’; മജിസ്‌ട്രേറ്റിനെ പരസ്യമായി ഭീഷണിപ്പെടുത്തി ബി.ജെ.പി നേതാവ്

single-img
18 December 2018

ഉത്തര്‍പ്രദേശില്‍ യുവ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെ പരസ്യമായി ഭീഷണിപ്പെടുത്തുന്ന ബി.ജെ.പി എം.എല്‍.എയുടെ ദൃശ്യങ്ങള്‍ പുറത്ത്. 70കാരനായ ബി.ജെ.പി എം.എല്‍.എ ഉദയ്ഭന്‍ ചൗദരിയാണ് എസ്.ഡി.എം ഗരിമ സിങിനെ പരസ്യമായി ഭീഷണിപ്പെടുത്തിയത്.

നിങ്ങള്‍ക്ക് എന്റെ പവര്‍ അറിയില്ല, ഞാന്‍ എംഎല്‍എയാണെന്നുമാണ് അദ്ദേഹം പറയുന്നത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എസ്ഡിഎമ്മിനെ അറിയിക്കാന്‍ എത്തിയപ്പോഴായിരുന്നു ഫത്തേപുര്‍ സിക്രി എംഎല്‍എയുടെ ഇത്തരത്തിലുള്ള പ്രതികരണം. എംഎല്‍എയുടെ അനുയായികള്‍ എസ്ഡിഎമ്മിനെതിരേ മുദ്രാവാക്യം വിളിക്കുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ വൈറലായതോടെ ചൗദരിക്കെതിരെ ഐ.എ.എസ് അസോസിയേഷന്‍ രംഗത്തെത്തി. സ്വന്തം ഉത്തരവാദിത്തം നിറവേറ്റുന്ന യുവ ഐ.എ.എസ് ഓഫീസര്‍മാരെ ഭീഷണിപ്പെടുത്തുന്ന ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് അസോസിയേഷന്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ ശക്തിയെന്താണെന്ന് അടുത്ത തെരഞ്ഞെടുപ്പില്‍ തെളിയിച്ചുതരാമെന്നാണ് ട്വിറ്ററില്‍ മിക്കവരുടെയും പ്രതികരണം.