ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത് ‘ഏറ്റു’; ഒടുവില്‍ മഞ്ജുവാര്യര്‍ മൗനംവെടിഞ്ഞു

single-img
18 December 2018

ഒടുവില്‍ ഒടിയനെക്കുറിച്ച് പ്രതികരിച്ച് നടി മഞ്ജുവാര്യര്‍. സിനിമയ്ക്ക് നേരെ ഉയരുന്ന സൈബര്‍ ആക്രമണങ്ങള്‍ മഞ്ജുവിനെ സഹായിച്ചതിന്റെ പേരിലാണെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങള്‍ക്ക് മഞ്ജു മറുപടി പറയണമെന്നും മൗനം വെടിയണമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞതിനു പിന്നാലെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റുമായി താരം രംഗത്തെത്തിയത്.

കാര്‍മേഘങ്ങള്‍ തേങ്കുറിശ്ശിയുടെ മുകളില്‍ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നു. വ്യാജപ്രചരണങ്ങള്‍ അതിജീവിച്ച് ഒടിയന്‍ മുന്നേറുകയാണ്. കാണാത്തവര്‍ കാണണമെന്നാണ് മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മഞ്ജുവിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ;

ഒടിയനെക്കുറിച്ച് കേള്‍ക്കുന്ന നല്ല വാക്കുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി. ആദ്യ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒടിയന്‍ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു എന്നറിയുന്നതില്‍ ഒരുപാട് സന്തോഷം. കാര്‍മേഘങ്ങള്‍ തേങ്കുറിശ്ശിയുടെ മുകളില്‍ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നു.

പ്രഭ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ പലയിടങ്ങളില്‍ നിന്നായി അറിഞ്ഞു. ഒരു പാട് പേര്‍ അഭിനന്ദിച്ചു. വിമര്‍ശനങ്ങളുമുണ്ട്. രണ്ടിനെയും ഒരു പോലെ സ്വീകരിക്കുന്നു. ഒടിയനെ കാണാന്‍ ദിവസം ചെല്ലുന്തോറും ആള്‍ത്തിരക്കേറുന്നു എന്നത് തന്നെയാണ് പ്രധാനം. ഈ നല്ല ചിത്രം വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി. ഇനിയും ഒടിയന്‍ കാണാത്തവര്‍, കാണണം എന്ന് അഭ്യര്‍ഥിക്കുന്നു. വ്യാജ പ്രചരണങ്ങളെ അതിജീവിച്ച് ഒടിയന്‍ മുന്നേറട്ടെ! അത് മലയാളത്തിന്റെ അഭിമാനമായി മാറട്ടെ!