ലീന മരിയ പോള്‍ കൊച്ചിയിലെത്തി മൊഴി നല്‍കി; ജീവന് ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം വേണമെന്നും നടി; സലൂണില്‍ ഉപേക്ഷിച്ച കുറിപ്പിലെ ഹിന്ദിക്ക് മലയാളി ടച്ച്

single-img
18 December 2018

കൊച്ചിയില്‍ ബ്യൂട്ടി പാര്‍ലറിനു നേരെ പട്ടാപ്പകല്‍ വെടിവയ്പ് നടത്തിയ സംഭവത്തില്‍ ബ്യൂട്ടിപാര്‍ലറിന്റെ ഉടമയും നടിയുമായ ലീന മരിയ പോള്‍ പോലീസിനു മൊഴി നല്‍കി. കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിലായിരുന്നു മൊഴി നല്‍കല്‍. തിങ്കളാഴ്ച വൈകിട്ടോടെ കൊച്ചിയില്‍ എത്തിയ നടി അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകുകയായിരുന്നെന്നാണു റിപ്പോര്‍ട്ട്.

തിങ്കളാഴ്ച ഇന്റര്‍നെറ്റ് കോള്‍ വഴി പുതിയ ഭീഷണി സന്ദേശം വന്നതായി നടി പോലീസിന് മൊഴി നല്‍കി. നേരത്തെ തനിക്ക് രവി പുജാരിയുടെ ഭീഷണി സന്ദേശം വന്നിരുന്നുവെന്നും ഇതിന് ശേഷമാണ് ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെപ്പുണ്ടായിരിക്കുന്നതെന്നും ലീന പോലീസിനോട് പറഞ്ഞു.

എന്നാല്‍ ഭീഷണി മുഴക്കിയവര്‍ തന്നെയാണോ വെടിവെപ്പ് നടത്തിയതെന്ന കാര്യം തനിക്കുറപ്പില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
ഇന്നലെ മുതല്‍ പനമ്പള്ളി നഗറിലുള്ള തന്റെ സ്ഥാപനം അടച്ചിടണമെന്ന ഭീഷണി സന്ദേശമാണ് വന്നുകൊണ്ടിരിക്കുന്നതെന്നും ലീന മൊഴി നല്‍കി.

അതേസമയം മുന്‍ സുഹൃത്തും നിരവധി തട്ടിപ്പ് കേസുകളിലെ പ്രതിയുമായ സുകേഷ് ചന്ദ്രശേഖറുമായി താന്‍ അകല്‍ച്ചയിലാണെന്നാണ് അവര്‍ പോലീസിനോട് അറിയിച്ചിരിക്കുന്നത്. ലീന നല്‍കിയ മൊഴികള്‍ പോലീസ് പരിശോധിച്ചുവരികയാണ്. മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയാല്‍ അവരെ വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.

കേസില്‍ ഇതുവരെ കാര്യമായ തെളിവുകള്‍ കണ്ടെത്താന്‍ പോലീസിനു സാധിച്ചിട്ടില്ല. രവി പൂജാരിയുടെ പേരെഴുതിയ കടലാസ് പ്രദേശത്ത് ഉപേക്ഷിച്ചത് കേസ് അന്വേഷണം വഴിതിരിച്ചുവിടുന്നതിനാണോയെന്നും പോലീസ് സംശയിക്കുന്നു. ‘രവി പൂജാരി’ എന്നെഴുതിയ കുറിപ്പ് കയ്യക്ഷര വിദഗ്ധര്‍ പരിശോധിക്കും.

കുറിപ്പിലെ ഹിന്ദി അക്ഷരങ്ങള്‍ മലയാളികള്‍ ഹിന്ദി എഴുതുന്ന വടിവിലുള്ളതാണെന്ന നിഗമനമാണ് അന്വേഷണത്തിനു ഗ്രാഫോളജിസ്റ്റുകളുടെ സേവനം തേടാന്‍ പൊലീസിനെ പ്രേരിപ്പിക്കുന്നത്. ഹിന്ദി മാതൃഭാഷയായിട്ടുള്ളവര്‍ ര,വ,പ,ജ എന്നീ അക്ഷരങ്ങള്‍ സാധാരണ എഴുതുന്ന രീതിയിലല്ല കുറിപ്പിലെ ഹിന്ദി അക്ഷരങ്ങളുടെ ഘടനയെന്ന സംശയം ശാസ്ത്രീയമായി പരിശോധിക്കാനാണു പൊലീസ് ഒരുങ്ങുന്നത്.

തട്ടിപ്പു കേസില്‍ ന്യൂഡല്‍ഹിയില്‍ ജയിലിലായ സുകാഷ് ചന്ദ്രശേഖറെ ജയിലിനുള്ളില്‍ സഹായിക്കുന്നത് രവി പൂജാരിയുടെ സംഘത്തില്‍ ഉള്‍പ്പെട്ട ക്രിമിനലുകളാണെന്ന വിവരം അന്വേഷണ സംഘത്തിനു ലഭിച്ചട്ടുണ്ട്. ഈ സൗഹൃദം സുകാഷിന്റെ പ്രധാനമേഖലയായ ഹവാല ഇടപാടുകള്‍ക്ക് ഇരുകൂട്ടരും ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഇതു സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കും സാധ്യതയുണ്ട്. സുകാഷിന്റെ അടുത്ത കൂട്ടുകാരിയാണു ലീന മരിയ പോള്‍.

അണ്ണാ ഡിഎംകെയുടെ ഔദ്യോഗിക ചിഹ്നമായ ‘രണ്ടില’ തിരിച്ചു കിട്ടാന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് 50 കോടി രൂപ കോഴ വാഗ്ദാനം ചെയ്ത കേസില്‍ പണം കൈമാറാന്‍ ശ്രമിച്ചതു കൊച്ചിയിലാണ്. ഈ കേസില്‍ സുകാഷിനെ തെളിവെടുപ്പിനു കൊച്ചിയില്‍ കൊണ്ടുവന്നപ്പോള്‍ ലീനയും സുകാഷും തമ്മില്‍ കണ്ടതായും പൊലീസിനു വിവരം ലഭിച്ചു.

പനമ്പിള്ളിനഗര്‍ യുവജനസമാജം റോഡില്‍ സ്ഥിതിചെയ്യുന്ന ദി നെയില്‍ ആര്‍ട്ടിസ്റ്ററി എന്ന പേരിലുള്ള ബ്യൂട്ടി പാര്‍ലറിലെത്തിയാണ് രണ്ടംഗസംഘം കഴിഞ്ഞ ദിവസം വെടിവയ്പ് നടത്തിയത്. സംഭവസമയത്തു രണ്ടു ജീവനക്കാനും രണ്ട് ഇടപാടുകാരും ബ്യൂട്ടിപാര്‍ലറില്‍ ഉണ്ടായിരുന്നു. നടി സ്ഥലത്തുണ്ടായിരുന്നില്ല.

യമഹ ബൈക്കിലാണു യുവാക്കളായ അക്രമികള്‍ എത്തിയത്. ഹെല്‍മറ്റും ജാക്കറ്റും ധരിച്ചു തൂവാല കൊണ്ടു മുഖം മറച്ചെത്തിയ ഇവര്‍ ഒന്നാംനിലയിലുള്ള ബ്യൂട്ടിപാര്‍ലറിലേക്കു കയറുന്ന പടിയുടെ സമീപമെത്തി ഭിത്തിയിലേക്കു വെടിയുതിര്‍ക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരനുനേരേ അക്രമികളിലൊരാള്‍ മുംബൈ അധോലോക നായകന്‍ രവി പൂജാരയുടെ പേരെഴുതിയ കടലാസ് വലിച്ചെറിഞ്ഞു. തുടര്‍ന്നു സെക്യൂരിറ്റി ജീവനക്കാരനുനേരേ തോക്ക് ചൂണ്ടിയശേഷം പാര്‍ക്കിംഗ് ഏരിയയില്‍ വച്ചിരുന്ന ബൈക്കില്‍ കയറി രക്ഷപ്പെട്ടു.