കെഎസ്ആര്‍ടിസിയില്‍ മിന്നല്‍ നിയമനം: ലിസ്റ്റിലുള്ള 4051 പേരും വ്യാഴാഴ്ച എത്തണം

single-img
18 December 2018

കണ്ടക്ടര്‍ തസ്തികയിലേക്ക് പിഎസ്‍സി അഡ്വൈസ് മെമ്മോ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം ഉടനെന്ന്  കെഎസ്ആര്‍ടിസി എം ഡി ടോമിന്‍ തച്ചങ്കരി. ഉദ്യോഗാര്‍ത്ഥികള്‍ വ്യാഴാഴ്ച കെഎസ്ആര്‍ടിസി ആസ്ഥാന മന്ദിരത്തില്‍ എത്തണമെന്ന് തച്ചങ്കരി അറിയിച്ചു.   ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഉടന്‍ നിയമനം നല്‍കാനാണിത്. 4051 ഉദ്യോഗാര്‍ത്ഥികളെ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ നാല് ബാച്ചുകളിലായി തിരിച്ച് നിയമന നടപടികള്‍ സ്വീകരിക്കും.

ഹൈക്കോടതി വിധിയെ തുടര്‍ന്നുള്ള കോടതിയലക്ഷ്യ നടപടി ഒഴിവാക്കാനും താല്‍ക്കാലിക ജീവനക്കാര്‍ പിരിഞ്ഞ് പോയപ്പോള്‍ ഉണ്ടായ പ്രതിസന്ധി മറികടക്കാനുമാണ് എത്രയും പെട്ടെന്ന് നിയമന ഉത്തരവ് നല്‍കാന്‍ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ കണ്ടക്ടര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി കെ.എസ്.ആര്‍.ടി.സിക്കും സര്‍ക്കാരിനും അന്ത്യശാസനം നല്‍കിയിരുന്നു.

കണ്ടക്ടര്‍മാരുടെ പ്രതിസന്ധി ഏറെ നേരിടുന്ന എറണാകുളം മുതല്‍ വടക്കോട്ടുള്ള ജില്ലകളിലേക്കായിരിക്കും ആദ്യ ഘട്ടത്തില്‍ നിയമനം നല്‍കുക. ഒഴിവുള്ള മുറയ്ക്ക് മറ്റ് ജില്ലകളിലേക്കും നിയമനം നടത്തും. പുതിയ കണ്ടക്ടര്‍മാരെ നിയമിക്കുമ്പോള്‍ പരിശീലനം അടക്കമുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഇത് കോടതി അനുവദിച്ചിരുന്നില്ല. ടിക്കറ്റ് മുറിച്ച് പണം വാങ്ങാന്‍ കാര്യമായ പരിശീലനം ആവശ്യമില്ലെന്നായിരുന്നു കോടതി നിലപാട്. തുടര്‍ന്നാണ് മാരത്തോണ്‍ നിയമനത്തിനായി കെ.എസ്.ആര്‍.ടി.സി ഒരുങ്ങിയത്.