കെഎസ്ആര്‍ടിസിയെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി; രണ്ടു ദിവസത്തിനകം പിഎസ്‌സി പട്ടികയില്‍നിന്നുള്ള നിയമനം നടത്തണമെന്ന് ഉത്തരവ്

single-img
18 December 2018

കെഎസ്ആര്‍ടിസിയില്‍ രണ്ടു ദിവസത്തിനകം പിഎസ്‌സി പട്ടികയില്‍നിന്നുള്ള നിയമനം നടത്തണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അഡൈ്വസ് മെമ്മോ നല്‍കിയവര്‍ക്ക് നിയമനം നല്‍കാന്‍ ബോര്‍ഡിന് എന്താണിത്ര മടിയെന്നും കോടതി ചോദിച്ചു.

പുതിയ ജീവനക്കാര്‍ക്ക് പരിശീലനത്തിന്റെ ആവശ്യമില്ലെന്നും ജോലിയില്‍ പ്രവേശിച്ചാല്‍ കാര്യങ്ങള്‍ അവര്‍ പഠിച്ചുകൊള്ളുമെന്നും കോടതി നിരീക്ഷിച്ചു. കെഎസ്ആര്‍ടിസിയെ വിശ്വാസമില്ലെന്ന് ഹൈക്കോടതി വാദത്തിനിടെ അഭിപ്രയപ്പെട്ടു.

എം.പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടെന്ന് കാണിച്ച് കെഎസ്ആര്‍ടിസി എം.ഡി കോടതിയില്‍ നേരിട്ടെത്തി സത്യവാങ് മൂലം നല്‍കിയിരുന്നു. അതേസമയം എം.പാനല്‍ കണ്ടക്ടര്‍മാരുടെ പിരിച്ചുവിടലിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ഇന്ന് സംസ്ഥാനത്ത് 959 സര്‍വീസുകള്‍ വെട്ടിക്കുറച്ചു.

തിരുവനന്തപുരം സോണില്‍ 367, എറണാകുളം സോണില്‍ 403, കോഴിക്കോട് 189 സര്‍വീസുകളാണ് വെട്ടിക്കുറച്ചത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഏറെസര്‍വീസുകള്‍ മുടങ്ങിയത്. മലബാറില്‍ കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലും സര്‍വീസുകള്‍ ഒഴിവാക്കിയിട്ടുണ്ട്.

ഓര്‍ഡിനറി സര്‍വീസുകളാണ് മുടങ്ങിയതില്‍ ഏറെയും. അവധിയിലുളള കണ്ടക്ടര്‍മാരെ തിരിച്ചുവിളിച്ചും ലൈസന്‍സുളള മെക്കാനിക്കല്‍ ജീവനക്കാരെ കണ്ടക്ടര്‍മാരാക്കിയും പ്രതിസന്ധി നേരിടാന്‍ ശ്രമം നടത്തുന്നതായി എം.ഡി ടോമിന് തച്ചങ്കരി പറഞ്ഞു.