ഇനിമുതല്‍ ആര് ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍; ഹര്‍ത്താലിനോട് ‘നോ’ പറഞ്ഞ് മലയാള സിനിമ മേഖലയും

single-img
18 December 2018

ഹര്‍ത്താലിനെതിരെ തിരിഞ്ഞ് മലയാള സിനിമ ലോകവും വ്യാപാരികളും. ഏത് സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും ഇനിമുതല്‍ കടകള്‍ തുറക്കുമെന്ന് കേരള മര്‍ച്ചന്റ്‌സ് ആന്‍ഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ് വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുമെന്നും സംഘടന അറിയിച്ചു.

നിലനില്‍പ്പിനായി പ്രതിരോധം എന്ന ആശയവുമായാണ് ഇപ്പോള്‍ കേരള മര്‍ച്ചന്റ്‌സ് ആന്‍ഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ് രംഗത്തിറങ്ങിയിരിക്കുന്നത്. ഏത് രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും ബഹിഷ്‌കരിക്കാനും സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനും കൊച്ചിയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

സംസ്ഥാനത്ത് മുന്നിയിപ്പില്ലാതെ അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ വ്യാപാരമേഖലയില്‍ വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. ശബരിമല വിഷയത്തില്‍ തുടര്‍ച്ചയായുണ്ടായ ഹര്‍ത്താലുകള്‍ ഹോട്ടല്‍ മേഖലയില്‍ ഉള്‍പ്പെടെയുള്ളവരെ പ്രതികൂലമായി ബാധിച്ചതായും സംഘടന അഭിപ്രായപ്പെട്ടു.

അതേസമയം ഇനി മുതല്‍ ഹര്‍ത്താല്‍ ദിനത്തില്‍ തിയേറ്റര്‍ അടച്ചിടില്ലെന്ന് ഫിലിം ചേംബറും അറിയിച്ചു. സിനിമാ ഷൂട്ടിംഗുകളും നിര്‍ത്തിവയ്ക്കില്ല. ഹര്‍ത്താലുകള്‍ കൊണ്ട് ഭീമമായ നഷ്ടമാണ് തീയറ്ററുകള്‍ക്കും സിനിമാ ചിത്രീകരണത്തിനും ഉണ്ടാകുന്നതെന്നും ഫിലിം ചേംബര്‍ ഭാരവാഹികള്‍ പറഞ്ഞു.