കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക്; 3861 എംപാനല്‍ കണ്ടക്ടര്‍മാര്‍ക്ക് പിരിച്ചുവിടല്‍ അറിയിപ്പ് കെ.എസ്.ആര്‍.ടി.സി. കൈമാറി

single-img
17 December 2018

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ 3861 താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ക്കുള്ള പിരിച്ചുവിടല്‍ നടപടികള്‍ കെഎസ്ആര്‍ടിസി തുടങ്ങി.
മുഴുവന്‍ പേര്‍ക്കുമുള്ള പിരിച്ചുവിടല്‍ അറിയിപ്പ് തയാറായി. ഇന്നു രാവിലെ മുതല്‍ അറിയിപ്പ് കൈമാറി തുടങ്ങിയെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

മലബാറില്‍ ഉള്‍പ്പെടെ നിരവധി സര്‍വീസുകള്‍ മുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. പിഎസ്‌സി നിയമനം നടത്തിയാലും സാധാരണ നിലയിലാവാന്‍ ദിവസങ്ങള്‍ വേണ്ടിവരും. പിരിച്ചുവിടുന്ന എംപാനലുകാരെ ഒരുതരത്തിലും പുനരധിവസിപ്പിക്കാന്‍ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എംപാനല്‍ കണ്ടക്ടര്‍മാരെ ഓഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികള്‍ നല്‍കിയ അപ്പീല്‍ ഹരജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയും ഇന്ന് പരിഗണിച്ചേക്കും. കോടതി ഉത്തരവ് നടപ്പാക്കാന്‍ അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും ഹര്‍ജിയുമായി കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.