കോഹ്‌ലിയെ പുറത്താക്കിയത് ചതിയിലൂടെയോ?

single-img
17 December 2018

ഓസ്‌ട്രേലിയയ്‌ക്കെതിരേ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയതോടെ പുതിയ റെക്കോര്‍ഡുകള്‍ കോഹ്ലി സ്വന്തം പേരിലാക്കിയിരിക്കുകയാണ്. ഇന്നലത്തെ സെഞ്ചുറിയോടെ ടെസ്റ്റ് കരിയറിലെ 25 ആം സെഞ്ചുറി പൂര്‍ത്തിയാക്കിയിരിക്കുകയാണ് കോഹ്ലി. 257 പന്തില്‍ നിന്ന് 13 ഫോറും 1 സിക്‌സും ഉള്‍പ്പടെ 123 റണ്‍സാണ് കോഹ്ലി നേടിയത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ സെഞ്ചുറി നേടുന്ന ആദ്യ ഏഷ്യന്‍ ബാറ്റ്‌സ്മാന്‍ എന്ന നേട്ടം കോഹ്ലി സ്വന്തമാക്കി.

സൗത്ത് ആഫ്രിക്കയില്‍ ഈ വര്‍ഷം ആദ്യം നടന്ന ടെസ്റ്റ് സീരീസില്‍ സെഞ്ച്വറി നേടിയ കോഹ്ലി പിന്നീട് ഇംഗ്ലണ്ടില്‍ നടന്ന സീരീസില്‍ 2 സെഞ്ചുറിയും നേടിയിരുന്നു. ഇന്നലെ നേടിയ സെഞ്ച്വറിയോടെ പുതിയ നേട്ടത്തിന് കോഹ്ലി അര്‍ഹനായി. ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരം എന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പവും ഇന്നലത്തെ പ്രകടനത്തോടെ കോഹ്ലി എത്തി.

127 ഇന്നിങ്‌സുകളില്‍നിന്നാണ് കോഹ്ലി 25ാം സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാന്‍ മാത്രമാണ് വളരെ കുറച്ചു ഇന്നിങ്‌സുകളില്‍നിന്ന് ഈ നേട്ടം കൈവരിച്ചിട്ടുളളത്. 68 ഇന്നിങ്‌സുകളില്‍നിന്നാണ് ബ്രാഡ്മാന്‍ ഈ നേട്ടം കൈവരിച്ചത്.

അതേസമയം സംശയകരമായ ഒരു തീരുമാനത്തിലൂടെയാണ് അമ്പയര്‍മാര്‍ കോഹ്‌ലിയെ പുറത്താക്കിയതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. ഓസ്‌ട്രേലിയയില്‍ കളി നടക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം മൂന്നാം അമ്പയറുടെ ഭാഗത്തു നിന്നുണ്ടായതെന്ന് ആരെങ്കിലും കരുതിയാല്‍ അവരെ കുറ്റം പറയാനാകില്ല.

അത്രത്തോളം സംശയകരമായിരുന്നു കോഹ്‌ലിയെ പുറത്താക്കിയ തീരുമാനം. കുമ്മിന്‍സിന്റെ പന്തില്‍ സ്ലിപ്പില്‍ ഹാന്‍ഡ്‌സ്‌കോമ്പാണ് കോഹ്‌ലിയെ പിടികൂടിയത്. ഉറപ്പില്ലാത്തതിനാല്‍ ഫീല്‍ഡ് അമ്പയര്‍ മൂന്നാം അമ്പയര്‍ക്ക് കൈമാറുകയായിരുന്നു. പന്ത് നിലത്ത് കുത്തിയ ശേഷമാണ് ഫീല്‍ഡര്‍ കൈപ്പിടിയിലൊതുക്കിയതെന്നാണ് ഉയരുന്ന വിമര്‍ശനം.