പ്രതിപക്ഷത്തിന്റെ വായടപ്പിക്കാൻ മൂക്കിലൂടെ ട്യൂബ് ഇട്ട നിലയിൽ പരീക്കറെ പൊതു പരിപാടിക്കെത്തിച്ചു;വിമര്‍ശനവുമായി കോണ്‍ഗ്രസ്

single-img
17 December 2018

പനാജി: അര്‍ബുദ ബാധയെ തുടര്‍ന്ന ദീര്‍ഘനാളായി പൊതുപരിപാടികളില്‍ നിന്നകന്നു നിന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ സംസ്ഥാനത്ത് നിര്‍മാണത്തിലിരിക്കുന്ന രണ്ടു പാലങ്ങളുടെ പണി വിലയിരുത്താനെത്തിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശം.

ഞായറാഴ്ചയാണ് പരീക്കര്‍ മണ്ഡോവി ,സുവാരി നദികള്‍ക്ക് കുറുകെ പണിയുന്ന പാലങ്ങളുടെ പണി വിലയിരുത്താനെത്തിയത്. ചികിത്സയില്‍ തുടരുന്നതിനാല്‍ മൂക്കിലൂടെ ട്യൂബ് ഇട്ട അവസ്ഥയില്‍ തന്നെയാണ് അദ്ദേഹം എത്തിയത്. രോഗിയായ പരീക്കറെ പൊതു സ്ഥലത്തേക്ക് വലിച്ചിഴച്ച് പ്രതിച്ഛായ നിലനിര്‍ത്താന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷാരോപണം.


പരീക്കര്‍ പാലം നിര്‍മിക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിന്റെ ഫോട്ടോ കണ്ട് ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള തികച്ചും മനുഷ്യത്വരഹിതമായ പ്രവൃത്തി എന്ന് ഇതിനെ വിശേഷിപ്പിച്ചു. തികച്ചും അനാരോഗ്യവാനായ പരീക്കറെ ചുമതലകളിലേക്ക് വലിച്ചിഴയ്ക്കുന്നതും ഫോട്ടോയെടുത്ത് പ്രസിദ്ധീകരിക്കുന്നതും അദ്ദേഹത്തിന്റെ രോഗാവസ്ഥയെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.

പരീക്കറിന്റെ രോഗബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് ഭരണം നിശ്ചലാവസ്ഥയിലാണെന്നും പരീക്കര്‍ രാജി വെച്ച് അധികാരമൊഴിയണമെന്നും കോണ്‍ഗ്രസ് നിരന്തരം ആവശ്യപ്പെടുന്നുണ്ട്. പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പരീക്കറിനെ മൂക്കിലൂടെ ട്യൂബ് ഇട്ട നിലയിൽ തന്നെ പൊതുപരിപാടിയിൽ പങ്കെടുപ്പിച്ചതെന്നാണു വിലയിരുത്തല്‍.