ഹാദിയയുടെ അച്ഛന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു; നിലവില്‍ ഭാരതത്തിലെ ഏറ്റവും നല്ല രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്ന് അശോകന്‍

single-img
17 December 2018

തിരുവനന്തപുരം: തനിക്ക് ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും ചേരാന്‍ സ്വാതന്ത്ര്യമുണ്ടെന്നും നിലവില്‍ ഭാരതത്തിലെ ഏറ്റവും നല്ല രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്നും ഹാദിയയുടെ പിതാവ് അശോകന്‍. ഭാരതത്തിന്‍റെ നിലനില്‍പ്പിന് ബിജെപി അനിവാര്യമാണ്. ഹിന്ദു സംസ്കാരം സംരക്ഷിക്കുന്ന ഏക പാര്‍ട്ടി ബിജെപിയാണ്. കോണ്‍ഗ്രസ് ഒരു പരിധിവരെ അങ്ങനെയാണെങ്കിലും അവരുടെ നിലപാടും പൂര്‍ണമല്ല. അതേസമയം ചൈനയ്ക്ക് കീ ജയ് വിളിക്കുന്ന ടീമാണ് കമ്യൂണിസ്റ്റുകാര്‍, അവരോട് യാതൊരു താല്‍പര്യവുമില്ല- അശോകന്‍ പറഞ്ഞു.

സി.പി.ഐ അനുഭാവിയായിരുന്ന അശോകന്‍ തന്റെ മകളുടെ മതപരിവര്‍ത്തന വിവാദത്തിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്നും മാനസികമായി അകന്നുവെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സേലത്ത് ഹോമിയോ പഠനത്തിനിടെയാണ് ഹാദിയ ഇസ്‌ലാം മതം സ്വീകരിക്കുന്നതും പിന്നീട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഷെഫിന്‍ ജഹാനെ വിവാഹം കഴിക്കുന്നതും. സ്‌കൂള്‍ രേഖകളിലുണ്ടായിരുന്ന അഖിലയെന്ന പേര് ഹാദിയയെന്ന് മാറ്റുകയും ചെയ‌്തിരുന്നു. എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കിയതാണെന്നും മകളെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് പിതാവ് അശോകന്‍ നല്‍കിയ ഹര്‍ജിയില്‍ ഹാദിയയെ പിതാവിനൊപ്പം വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പിന്നീട് നടന്ന നിയമ പോരാട്ടത്തിനൊടുവില്‍ ഹാദിയയെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം വിടാന്‍ സുപ്രീ കോടതി ഉത്തരവിടുകയായിരുന്നു.