ഹാട്രിക് സത്യപ്രതിജ്ഞയുമായി കോൺഗ്രസ്;ഹിന്ദി ഹൃദയഭൂമിയില്‍ ഇന്ന് മൂന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

single-img
17 December 2018

ഭോപ്പാല്‍: ലോക്‌സഭ പോരാട്ടത്തിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നിടങ്ങളില്‍ വിജയം നുകര്‍ന്ന കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബിജെപിയുടെ ഭരണം അവസാനിപ്പിച്ച് രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്.

സത്യപ്രതിജ്ഞാ ചടങ്ങ് ബിജെപിയെ തറപറ്റിച്ച് നേടിയ വിജയത്തിന്റെ ആഘോഷവേദിയാക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്. ഒപ്പം 2019-തിരഞ്ഞെടുപ്പിലേക്കുള്ള വിശാല മഹസഖ്യത്തിന്റെ ശക്തി വെളിവാക്കുന്ന വേദികൂടിയായി മാറും.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തുടങ്ങി കോണ്‍ഗ്രസിന്റെയും പ്രതിപക്ഷ നിരയിലേയും ഉന്നത നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.

രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റുമാണ് ആദ്യം അധികാരമേല്‍ക്കുന്നത്. രാവിലെ 10 മണിക്കാണ് ഇവരുടെ സത്യപ്രതിജ്ഞ. ജയ്പൂരിലെ അല്‍ബര്‍ട്ട് മ്യൂസിയം മൈതാനത്താണ് ചടങ്ങ്. മധ്യപ്രദേശ് മുഖ്യമന്ത്രിയായ കമല്‍ നാഥ് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ലാല്‍ പരേഡ് മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്യും.

വൈകീട്ട് നാലരയ്ക്കാണ് ചത്തീസ്ഗഢ് മുഖ്യമന്ത്രിയായി ഭൂപേഷ് ബാഗല്‍ അധികാരമേല്‍ക്കുന്നത്.

രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നെത്തുന്ന പ്രതിപക്ഷ നേതാക്കളുടെ സൗകര്യം കൂടി പരിഗണിച്ചാണു മൂന്നിടത്തും സമയം നിശ്ചയിച്ചത്. പ്രതിപക്ഷ ഐക്യശ്രമങ്ങൾക്കു ചുക്കാൻ പിടിക്കുന്ന എൻ.ചന്ദ്രബാബു നായിഡു രാജസ്ഥാനിലും മധ്യപ്രദേശിലും എത്തും.