കൊത്തുപണികളാലും ചായമടിച്ചും അലങ്കരിച്ച ശവകുടീരം; കല്ലറയ്ക്കുള്ളില്‍ ഒരു ഡസനോളം ചെറുമാടങ്ങളും 24 വര്‍ണഭംഗിയുള്ള പ്രതിമകളും; പിരമിഡുകള്‍ക്കിടയില്‍ കണ്ടെത്തിയത് 4,400 കൊല്ലം പഴക്കമുള്ള ശവകുടീരം

single-img
17 December 2018

ഈജിപ്തില്‍ പിരമിഡുകള്‍ക്കിടയില്‍ പര്യവേഷകര്‍ കണ്ടെത്തിയത് 4,400 കൊല്ലം പഴക്കമുള്ള ശവകുടീരം. കെയ്‌റോയിലെ പിരമിഡുകള്‍ നിറഞ്ഞ സക്വാറയിലാണ് ഒരു പുരോഹിതന്റെ ശവക്കല്ലറ കണ്ടെത്തിയിട്ടുള്ളത്. 2018 ലെ അവസാനത്തെ കണ്ടെത്തല്‍ എന്നാണ് ഇതിനെ കുറിച്ച് ഔദ്യോഗികമായി വെളിപ്പെടുത്തവെ ഈജിപ്ഷ്യന്‍ പുരാവസ്തു വകുപ്പ് മന്ത്രി ഖാലിദ് എല്‍ എനാനി വിശേഷിപ്പിച്ചത്.

ഫറവോ ഭരണകാലത്ത് ഉന്നതപദവി അലങ്കരിച്ചിരുന്ന പുരോഹിതന്റേതാണ് ഇതെന്ന് പര്യവേഷകര്‍ അറിയിച്ചു. അഞ്ചാമത്തെ രാജവംശ ഭരണാധികാരി നെഫെരിര്‍കരെ കകെയുടെ കാലത്തിലുള്ളതാണ് കല്ലറ. ഭംഗിയായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന ശവകല്ലറ കൊത്തുപണികളാലും ചായമടിച്ചും അലങ്കരിച്ചിട്ടുണ്ട്.

പുരോഹിതന്‍ മാതാവിനൊപ്പവും പത്‌നിയ്‌ക്കൊപ്പവും നില്‍ക്കുന്ന രംഗങ്ങള്‍ കല്ലറയ്ക്കുള്ളിലെ ചുമരുകളില്‍ കൊത്തി വെച്ചിട്ടുണ്ട്. കല്ലറയ്ക്കുള്ളില്‍ ഒരു ഡസനോളം ചെറുമാടങ്ങളും 24 വര്‍ണഭംഗിയുള്ള പ്രതിമകളും ഉണ്ട്. ഈജിപ്തിലെ ഏറ്റവും പുരാതനമെന്ന കരുതപ്പെടുന്ന ജോസര്‍ പിരമിഡ് സ്ഥിതി ചെയ്യുന്നിടത്ത് ഏപ്രിലില്‍ ആരംഭിച്ച പര്യവേഷണങ്ങളില്‍ ഏറെ പഴക്കമുള്ളതും ക്രിസ്തുവിന് മുമ്പ്് നിര്‍മിച്ചതുമായ ചില കല്ലറകളും കെട്ടിടാവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.