ശശിക്കെതിരേ നടപടി എടുത്തേ പറ്റൂ; കേന്ദ്രക്കമ്മിറ്റിക്ക് വിഎസിന്റെ കത്ത്

single-img
16 December 2018

ലൈംഗികാരോപണ വിധേയനായ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദന്‍ കേന്ദ്രകമ്മിറ്റിക്ക് കത്തയച്ചു. ഇതേ വിഷയമുന്നയിച്ച് വി.എസ് കേന്ദ്രനേതൃത്വത്തിന് അയയ്ക്കുന്ന രണ്ടാമത്തെ കത്താണിത്.

സ്ത്രീപീഡന പരാതികള്‍ പാര്‍ട്ടിയുടെ ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കെതിരെ ഉയരുന്നതിനെ ഗൗരവമായി കാണണമെന്ന് വി.എസ് കത്തില്‍ ആവശ്യപ്പെടുന്നു. ശക്തവും മാതൃകാപരവുമായ നടപടിയാണ് ശശിക്കെതിരേ ഉണ്ടാകേണ്ടതെന്ന് കത്തില്‍ പറയുന്നു.

പീഡനപരാതിയില്‍ അന്വേഷണം നിലനില്‍ക്കുമ്പോള്‍ പൊതുപരിപാടികളില്‍ ശശിയെ പങ്കെടുപ്പിക്കുകയും ജാഥാക്യാപ്റ്റനാക്കുകയും ചെയ്തതിനെതിരായ പ്രതിഷേധവും വിഎസ് കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശശിക്കൊപ്പം വേദി പങ്കിടുകയും ശശിയെ ചുമതലകള്‍ ഏല്‍പ്പിക്കുകയും ചെയ്തവര്‍ക്കെതിരേയും നടപടി ഉണ്ടാവണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

സ്ത്രീപക്ഷത്ത് നിന്നുകൊണ്ടുള്ള നിലപാട് സ്വീകരിക്കണമെന്നാണ് വിഎസിന്റെ ആവശ്യം. പി.കെ. ശശിക്കെതിരെ ശക്തമായ നടപടി വേണമെന്ന് വി.എസ് നേരത്തെയും ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരി കേരള നേതൃത്വവുമായി നേരിട്ട് ബന്ധപ്പെട്ടതും തുടര്‍നടപടികള്‍ ഉണ്ടായതും.