ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ് ജെന്‍ഡറുകളെ പൊലീസ് തിരിച്ചയച്ചു; പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

single-img
16 December 2018

ശബരിമല ദര്‍ശനത്തിനെത്തിയ 4 ട്രാന്‍സ്‌ജെന്‍ഡറുകളെ പൊലീസ് തിരിച്ചയച്ചു. എരുമേലിയില്‍ വെച്ചാണ് സംഘത്തെ പൊലീസ് തിരിച്ചയത്. ഇവരിപ്പോള്‍ കോട്ടയത്താണുള്ളത്. സ്ത്രീ വേഷത്തില്‍ മല കയറാന്‍ കഴിയില്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്. പുരുഷവേഷം ധരിക്കാനും തങ്ങളെ നിര്‍ബന്ധിച്ചതായി സംഘം പറയുന്നു.

അനന്യ, തൃപ്തി, അവന്തിക, രഞ്ജു എന്നിവരാണ് ശബരിമലയില്‍ എത്താന്‍ ശ്രമിച്ചത്. എരുമേലി വഴി പമ്പയിലേക്ക് തിരിക്കുമ്പോഴാണ് ഇവരെ പൊലീസ് തടഞ്ഞത്. തുടര്‍ന്ന് നാലു പേരെയും പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോയി. പുലര്‍ച്ചെ 1.50 നാണ് ട്രാന്‍സ് ജെന്‍ഡറുകള്‍ കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ചത്.

വ്രതമെടുത്ത് കെട്ട് നിറച്ച് വിശ്വാസികള്‍ എത്തുന്നതുപോലെ തന്നെയാണ് തങ്ങള്‍ എത്തിയതെന്നും മുമ്പും ഇത്തരത്തില്‍ തങ്ങളുടെ കൂട്ടത്തിലുള്ളവര്‍ ശബരിമലയില്‍ പോയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. കോട്ടയം, എറണാകുളം സ്വദേശികളാണിവര്‍.
ശബരിമലയ്ക്ക് പോകണമെന്ന് അറിയിച്ചെങ്കിലും ഇവരുടെ ആവശ്യം പൊലീസ് നിരാകരിക്കുകയായിരുന്നു.

തുടര്‍ന്ന് എറണാകുളത്തേക്ക് തിരികെ പോകാമെന്ന് അറിയിച്ചെങ്കിലും കോട്ടയത്തേക്ക് പോകാനാണ് പൊലീസ് നിര്‍ദേശിച്ചത്. കോട്ടയത്ത് നിന്ന് തിരികെ വീണ്ടും ശബരിമല ദര്‍ശനത്തിന് പോകുമെന്നാണ് ഇപ്പോള്‍ ഇവരുടെ നിലപാട്. ശബരിമല ദര്‍ശനത്തിന് ഇവര്‍ പോലീസ് സുരക്ഷ ആവശ്യപ്പെട്ടിരുന്നു.

അതേസമയം തങ്ങളോട് പൊലീസ് മോശമായാണ് പോലീസ് സംസാരിച്ചത്. തങ്ങളുടെ സ്ത്രീവേഷം മാറ്റണമെന്നും പൊലീസ് ആവശ്യപ്പെട്ടെന്നും തങ്ങള്‍ വന്ന ടാക്‌സി കാറിന്റെ ഡ്രൈവറെ ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ ഫേസ്ബുക്ക് ലൈവില്‍ ആരോപിച്ചു. നിങ്ങള്‍ ആണുങ്ങളാണെങ്കില്‍ പാന്റും ഷര്‍ട്ടുമിട്ട് വരാന്‍ ആക്ഷേപിച്ചെന്നും ഇവര്‍ ആരോപിച്ചു.

അതേസമയം, ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് കണ്ടാണ് ട്രാന്‍സ് ജെന്‍ഡറുകളെ പൊലീസ് തടഞ്ഞതെന്നാണ് വിവരം. ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലാതെ മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്ന ശബരിമല തീര്‍ഥാടനത്തെ ട്രാന്‍സ് ജെന്‍ഡറുകളുടെ വരവ് പ്രതികൂലമായി ബാധിക്കുമെന്നും പൊലീസ് കരുതുന്നു.