കോഹ്ലിയുടെ സെഞ്ചുറി തുണച്ചില്ല; ഇന്ത്യ 283ന് പുറത്ത്; ഓസ്‌ട്രേലിയയ്ക്ക് ലീഡ്

single-img
16 December 2018

പെര്‍ത് ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് ലീഡ്. ആദ്യ ഇന്നിംഗ്‌സില്‍ സ്പിന്‍ കാറ്റിനുമുന്നില്‍ മൂന്നാം ദിനം ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കു മാത്രമാണ് ഓസ്‌ട്രേലിയന്‍ ബൗളിംഗിനെ ചെറുക്കാന്‍ സാധിച്ചത്. മൂന്നാം ദിനം അഞ്ച് വിക്കറ്റ് നേടിയ ലിയോണാണ് ഇന്ത്യന്‍ പ്രതീക്ഷകളെ പവലിയന്‍ കയറ്റിയത്.

ഓസ്‌ട്രേലിയയുടെ ഏഴു വിക്കറ്റുമായി മൂന്നാം ദിനം 172 റണ്‍സിന് ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്കു 283 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ ഓസ്‌ട്രേലിയയ്ക്ക് 43 റണ്‍സ് ലീഡായി. രണ്ടാം ഇന്നിങ്ങ്‌സില്‍ ഓപണര്‍ ആരോണ്‍ ഫിഞ്ച് 25 റണ്‍സ് സ്‌കോര്‍ ചെയ്യുന്നതിനിടെ വിരലിന് പരിക്കേറ്റ് മടങ്ങി. ലഞ്ചിനു ശേഷം കളി പുനരാരംഭിച്ചപ്പോള്‍ ഹാരിസ്സിനെ ഓഫ് സ്റ്റമ്പില്‍ ബൗള്‍ഡാക്കി ബുംറ ആദ്യ വിക്കറ്റ് നേടി. ഷോണ്‍ മാര്‍ഷും ഉസ്മാന്‍ ക്വാജയുമാണ് ക്രീസില്‍.

വിരാട് കോലിയുടെ മാസ്റ്റര്‍ക്ലാസ് ബാറ്റിങ്ങില്‍ മുന്നേറിക്കൊണ്ടിരിക്കെ രാവിലത്തെ സെഷനില്‍ തുടരെയുള്ള രണ്ട് വിക്കറ്റുകളില്‍ ഓസ്‌ട്രേലിയ ഇന്ത്യക്ക് കനത്ത പ്രഹരമേല്‍പിച്ചു. കളിയുടെ തുടക്കത്തില്‍ തന്നെ ആദ്യ ഓവറില്‍ രെഹാനയെ (റണ്‍സ് 51) നാഥന്‍ ലയോണ്‍ സ്പിന്നില്‍ കുരുക്കി.

ഹനുമാ വിഹാരയും വിരാട് കോലിയും 50 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും 123 റണ്‍സ് എടുത്ത് വിരാട് മടങ്ങിയപ്പോള്‍ ഇന്ത്യയുടെ ലീഡ് പ്രതീക്ഷകള്‍ മങ്ങി. പിന്നെ കണ്ടത് വാലറ്റക്കാരുടെ മോശം പ്രകടനമായിരുന്നു, ഋഷഭ് പന്ത് മത്രമാണ് ഓസട്രേല്യന്‍ ബൗളിങ്ങിനെ അല്‍പമെങ്കിലും പ്രതിരോധിച്ചത്. ഷാമിയും ഇഷാന്ത് ശര്‍മ്മയും ബുംറയും രണ്ടക്കം കാണാതെ പുറത്തായി. രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി സ്റ്റാര്‍ക്കും ഹെയ്‌സല്‍വുഡും ലിയോണിന് ഉറച്ച പിന്തുണ നല്‍കി. കമ്മിന്‍സ് ഒരു വിക്കറ്റും നേടി.