ബിജെപി നേതാവിന്റെ ഷുഗര്‍ ഫാക്ടറിയില്‍ സ്‌ഫോടനം; 5 പേര്‍ മരിച്ചു

single-img
16 December 2018

കര്‍ണാടകയിലെ മുദോലിലെ പഞ്ചസാര ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുന്‍ കര്‍ണാടക മന്ത്രിയും ബി.ജെ.പി എം.എല്‍.എയുമായ മുര്‍ഗേഷ് നിരാണിയുടെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി.

സ്‌ഫോടനത്തിന് പിന്നിലുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ല. പകല്‍ പന്ത്രണ്ടിനും പന്ത്രണ്ടരയ്ക്കും ഇടയിലായിരുന്നു സംഭവം. ഏതാണ്ട് ഇരുപതോളം പേരാണ് അപകട സമയത്ത് ഫാക്ടറിയിലുണ്ടായിരുന്നത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഫാക്ടറിയിലെ മൂന്ന് നില കെട്ടിടം നിലംപ്പൊത്തി.

നാല് പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടമുണ്ടായ കെട്ടിടത്തിന്റെ അടിയില്‍ ഇനിയും തൊഴിലാളികള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. പ്രദേശത്ത് അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.