‘എല്ലാ നേതാക്കളുമായും ആലോചിച്ചാണു തീരുമാനമെടുത്തത്’; ഹര്‍ത്താലിനെ ന്യായീകരിച്ച് ശ്രീധരന്‍പിള്ള

single-img
16 December 2018

വേണുഗോപാലന്‍ നായര്‍ തീകൊളുത്തി ആത്മഹത്യ ചെയ്തതില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. എല്ലാ നേതാക്കളുമായും ആലോചിച്ചാണു തീരുമാനമെടുത്തത്. ബിജെപി നടത്തിയ രണ്ടു ഹര്‍ത്താലുകളും തെറ്റാണെന്ന വിലയിരുത്തലില്ല. ചിലര്‍ ബിജെപിക്കിടയില്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമിക്കുകയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

സമരപന്തലിനു മുന്നില്‍ തീ കൊളുത്തിയ വേണുഗോപാലന്‍ നായര്‍ ആത്മഹത്യ ചെയ്തുവെന്നു വാര്‍ത്താക്കുറിപ്പിറക്കാന്‍ പൊലീസിന് എന്തവകാശമാണുള്ളതെന്നും ശ്രീധരന്‍ പിള്ള ചോദിച്ചു. ശബരിമല സംഭവവുമായി ബന്ധമില്ല എന്ന് പ്രസ്താവനയിറക്കിയതിലൂടെ കമ്മിഷണര്‍ സിപിഎമ്മിന്റെ കൂലിപ്പണിക്കാരനായി.

വേണുഗോപാലന്‍ നായര്‍ ബിജെപി നേതാവ് സി.കെ പദ്മനാഭനോട് പറഞ്ഞതാണു മരണമൊഴി. എന്നാല്‍ സി.കെ. പദ്മനാഭന്റെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് തയാറായില്ല. വേണുഗോപാലന്‍ നായരുടെ കുടുംബം കേസ് കൊടുക്കാന്‍ പോകുകയാണെന്നും ജീവതനൈരാശ്യം മൂലം ആത്മഹത്യ ചെയ്തുവെന്നു പറഞ്ഞവര്‍ കോടതികയറേണ്ടി വരുമെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

അതേസമയം ശബരിമല സമരത്തെച്ചൊല്ലി ബി.ജെ.പി.യില്‍ അമര്‍ഷവും മുറുമുറുപ്പും ശക്തമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓരോ ജില്ലകള്‍ക്കും ചുമതല നല്‍കി സമരം ഇതുവരെ നീട്ടിക്കൊണ്ടുപോകാന്‍ സാധിച്ചെങ്കിലും ദിവസം കഴിയുന്തോറും സെക്രട്ടേറിയറ്റിനുമുന്നിലെ സമരം ജനങ്ങളില്‍നിന്ന് അകലുന്നതിന്റെ അതൃപ്തി നേതാക്കളിലും പ്രവര്‍ത്തകരിലുമുണ്ട്.

ജനകീയമായിരുന്ന ഒരു സമരം അടിക്കടിയുള്ള ഹര്‍ത്താല്‍ പ്രയോഗത്തിലൂടെ ജനവിരുദ്ധമായി മാറിയെന്ന ചര്‍ച്ചകളും പാര്‍ട്ടിക്കുള്ളിലുണ്ട്. ഇതേച്ചൊല്ലി ഗ്രൂപ്പുതിരിഞ്ഞുള്ള കുറ്റപ്പെടുത്തലുകളും ശക്തമായി. മതിയായ കാരണമില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ജനങ്ങളുടെ എതിര്‍പ്പു പിടിച്ചുപറ്റിയെന്ന ആക്ഷേപമാണ് പാര്‍ട്ടിക്കുള്ളില്‍ പരസ്പരം പഴിചാരലിലേക്കെത്തിയിരിക്കുന്നത്.

ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് മുതിര്‍ന്ന നേതൃത്വം എതിരായിരുന്നെങ്കിലും ചിലര്‍ നടത്തിയ പക്വതയില്ലാത്ത ഇടപെടലുകളാണ് അതിനുപിന്നിലെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. സമരപ്പന്തലിനുമുന്നില്‍ നടന്ന ആത്മഹത്യശ്രമത്തെ ആദ്യം തള്ളുകയും പിന്നെ തങ്ങളുടെ ആളാണെന്ന പ്രഖ്യാപനത്തോടെ ഹര്‍ത്താലിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയും ചെയ്തത് ചിലരുടെ ഗൂഢമായ ഇടപെടലുകളാണെന്ന് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുണ്ട്. ശബരിമല സമരവുമായി ബന്ധപ്പെട്ട് നടത്തിയ മൂന്നു ഹര്‍ത്താലുകളും അനവസരത്തിലായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ അറസ്റ്റുചെയ്ത് വിവിധ കോടതികളില്‍ കൊണ്ടുനടന്നപ്പോള്‍ അനങ്ങാതിരുന്ന പാര്‍ട്ടിനേതൃത്വം പിന്നീട്, അനവസരത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു. സുരേന്ദ്രനെ അറസ്റ്റുചെയ്തപ്പോഴായിരുന്നു ഹര്‍ത്താല്‍ വേണ്ടിയിരുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.