കൊച്ചി വെടിവെപ്പിനു പിന്നില്‍ അധോലോക നേതാവ് ഛോട്ടാ രാജന്റ സന്തതസഹചാരി രവി പൂജാരി?

single-img
16 December 2018

സിനിമാ താരം ലീന മരിയയുടെ ബ്യൂട്ടിസലൂണ്‍ വെടിവയ്പ്പിലൂടെ വീണ്ടും വാര്‍ത്തയില്‍ നിറയുകയാണ് മുംബൈ അധോലോകം. ബ്യൂട്ടി പാര്‍ലറിനു സമീപം വെടിയുതിര്‍ത്തവര്‍ ഇട്ടിട്ടു പോയ കടലാസില്‍ ഹിന്ദിയില്‍ രവി പൂജാരി എന്ന് എഴുതിയിരുന്നു. ഇതാണ് പുതിയ സംശയങ്ങളിലേക്ക് നയിക്കുന്നത്.

മുംബൈ അധോലോക നായകരില്‍ ഒരാളാണ് രവി പൂജാരി. ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ ആണെന്നാണ് കരുതുന്നത്. കര്‍ണാടകയില്‍ ജനിച്ച രവി വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിച്ച് ജോലി തേടി മുംബൈയിലേക്ക് വണ്ടികയറി. അന്ധേരിയിലെത്തിയ പൂജാരി അവിടെ ഗുണ്ടാസഘങ്ങളോടൊപ്പം ചേര്‍ന്നു.

തൊണ്ണൂറുകളുടെ തുടക്കത്തിലെ ഏഴു വര്‍ഷക്കാലം രവി പൂജാരിയെ ലോകം അറിഞ്ഞില്ല. അന്ധേരി തെരുവിലെ നൂറുകണക്കിനു കുറ്റവാളികളില്‍ ഒരാള്‍ മാത്രമായിരുന്നു അയാള്‍. തുടര്‍ന്ന് തന്റെ ശത്രുവായിരുന്ന ബാല സാള്‍ത്തേയെന്ന ക്രിമിനലിനെ കൊലപ്പെടുത്തിയതോടെയാണു രവി കുപ്രസിദ്ധനായത്.

ആ കൊലപാതകം മുംബൈയിലെ ക്രിമിനലുകളുടെ കൂട്ടത്തില്‍ രവിക്ക് ഒരു നേതാവിന്റെ പരിവേഷം നല്‍കി. അതൊരു തുടക്കമായിരുന്നു. മുംബൈ അധോലാക തലവന്‍ ഛോട്ടാ രാജന്റെ സംഘത്തിലേക്കുള്ള ക്ഷണം, രാജന് സമാനമായ കുറ്റവാളി എന്ന നിലയിലേക്കുള്ള രവിയുെട പരിണാമത്തിനു വേഗത കൂട്ടി.

അധികം താമസിയാതെ ഛോട്ടാ രാജന്റെ വലംകൈയായി രവി. തൊണ്ണൂറുകളുടെ മധ്യത്തില്‍ ദുബായിലേക്ക് കടന്ന രവി പൂജാരി അവിടെ ആദ്യം കൈവച്ചത് റിയല്‍ എസ്റ്റേറ്റ് മേഖലയിലായിരുന്നു. ഭീഷണിയും, ഗുണ്ടാപിരിവുമായി രവി കളം പിടിച്ചു. രാഷ്ട്രീയത്തിലും സിനിമാ മേഖലയിലും ഇയാള്‍ക്ക് വേരോട്ടം ഉണ്ടായിരുന്നു.

നിരവധി രാഷ്ട്രീയക്കാരെയും, സിനിമാ താരങ്ങളെയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. ഇതിനിടയില്‍ രണ്ടായിരത്തില്‍ ദാവൂദ് ഇബ്രാഹിം ഛോട്ടാ രാജനെ വധിക്കാന്‍ ശ്രമിച്ചതോടെ രവി പൂജാരി അധോലോകവുമായി അകലം പാലിച്ചു.

നിലവില്‍ ഓസ്‌ട്രേലിയിലാണ് ഇയാളുടെ താമസമെന്നാണു വിവരം. ഏങ്കിലും പഴയ രീതിയിലുള്ള ഭീഷണിപ്പെടുത്തലും പണം തട്ടലും ഇയാള്‍ ഇപ്പോഴും തുടരുന്നുണ്ടെന്നാണ് ഒടുവില്‍ കൊച്ചിയിലുണ്ടായ സംഭവം സൂചിപ്പിക്കുന്നത്. പണം ആവശ്യപ്പെട്ട് ഇയാള്‍ ലീന മരിയയ്ക്ക് ഭീഷണി സന്ദേശങ്ങള്‍ അയച്ചിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍.

എന്നാല്‍ രവി പൂജാരിയെപ്പോലെ അധോലോക ബന്ധമുള്ളയാള്‍, ഇത്തരമൊരു നീക്കം നടത്തുമോയെന്ന് പോലീസിന് സംശയമുണ്ട്. വെറും കടലാസില്‍ രവി പൂജാരി എന്നെഴുതി ഇടുകയായിരുന്നു. ഇതും സംശയമുണര്‍ത്തുന്നു. കോണിപ്പടിയുടെ അധികം മുകളിലേക്ക് അക്രമി പോയിട്ടില്ല.

മുകളില്‍ ആദ്യം ഡെന്റല്‍ ക്ലിനിക്കാണ്. അതുകഴിഞ്ഞാണ് ബ്യൂട്ടി പാര്‍ലര്‍. അതിനടുത്തേക്ക് പോലും എത്താതെ ഇങ്ങനെയൊരു നീക്കം സംഘം എന്തിനാണ് നടത്തിയതെന്ന് വ്യക്തമായിട്ടില്ല. നടി സ്ഥലത്തുള്ള ദിവസമല്ല അക്രമത്തിന് തിരഞ്ഞെടുത്തതും. ഉച്ചത്തില്‍ പാട്ടുവച്ചിരുന്നതിനാല്‍ വെടിയൊച്ച കേട്ടില്ലെന്നാണ് ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാര്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴിയെന്നറിയുന്നു.

അതേസമയം, രാജ്യത്തെ വന്‍ നഗരങ്ങളില്‍ വലിയ സാമ്പത്തിക തട്ടിപ്പിന് അറസ്റ്റിലായിട്ടുള്ളയാളാണ് ലീന മരിയ പോള്‍. 19 കോടിയുടെ തട്ടിപ്പിന് ഇവരെയും കൂട്ടാളി സുകേഷ് ചന്ദ്രശേഖറിനെയും ഡല്‍ഹിയില്‍ 2013ലാണ് അറസ്റ്റ് ചെയ്തത്. തെക്കേ ഇന്ത്യയിലെ പല പ്രമുഖ നേതാക്കളുടെയും ബന്ധുവാണെന്ന് പറഞ്ഞായിരുന്നു സുകേഷിന്റെ തട്ടിപ്പുകള്‍.

ഇയാളുടെ പേരില്‍ ബെംഗളൂരുവില്‍ മാത്രം 70 കേസുകള്‍ ഉണ്ടെന്നായിരുന്നു അന്ന് പുറത്തുവന്ന വാര്‍ത്തകള്‍. ചെന്നൈ അമ്പത്തൂരിലെ കാനറ ബാങ്കില്‍നിന്ന് സുകേഷ് ചന്ദ്രശേഖറിനൊപ്പം ചേര്‍ന്ന് 19 കോടി തട്ടിയെടുത്തെന്നായിരുന്നു കേസ്. ഇവര്‍ തമ്മില്‍ പിന്നീട് തെറ്റി. ബെംഗളൂരുവിലായിരുന്ന ലീന പിന്നീട് കേരളത്തിലെത്തി അഭിനയരംഗത്ത് തുടരവെ ഇതറിഞ്ഞ് സുകേഷ് വീണ്ടും എത്തി ചങ്ങാത്തത്തിലായെന്നാണ് അന്ന് ലീന പോലീസിനു നല്‍കിയിരുന്ന മൊഴി.

2015ല്‍ മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസില്‍ ലീനയെയും സുഹൃത്ത് ചന്ദ്രശേഖറിനെയും മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും അറസ്റ്റ് ചെയ്തു. ഈ രണ്ട് കേസുകളുടെയും ഇപ്പോഴത്തെ സ്ഥിതി വ്യക്തമല്ല.