വിദേശിയുടെ കുട്ടിക്ക് ദേശസ്‌നേഹിയാകാന്‍ സാധിക്കില്ല: രാഹുലിനെതിരെ ബി.ജെ.പി

single-img
16 December 2018

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് കൈലാഷ് വിജയവര്‍ഗീയ. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഹിന്ദി ഹൃദയഭൂമിയില്‍നിന്നു ബിജെപിക്കു കനത്ത തിരിച്ചടിയേറ്റതിനു പിന്നാലെയാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയുടെ ട്വീറ്റ്.

ഒരു വിദേശ വനിതയ്ക്ക് ജനിച്ച കുട്ടിക്ക് ഒരിക്കലും ദേശസ്‌നേഹിയാകാന്‍ കഴിയില്ല. അയാളുടെ ഹൃദയത്തില്‍ ദേശതാത്പര്യങ്ങളുമുണ്ടാകില്ല സാറ്റര്‍ഡേ മോട്ടിവേഷന്‍ എന്ന ഹാഷ്ടാഗില്‍ വിജയവര്‍ഗീയ ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധിയുടെ മാതാവ് സോണിയ ഗാന്ധി ജന്‍മം കൊണ്ട് ഇറ്റലിക്കാരിയാണ്.

വിജയവര്‍ഗീയയുടെ ട്വീറ്റിന് മറുപടിയുമായി കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി ഉടന്‍ രംഗത്തെത്തിയതോടെ വിവാദം ചൂടുപിടിച്ചു. മധ്യപ്രദേശിലെ ബിജെപിയുടെ തോല്‍വി ആഴത്തിലുള്ളതാണെന്നും ബിജെപി നേതാവിന് മാനസിക രോഗ ചികിത്സ ആവശ്യമാണെന്നും പ്രിയങ്ക തിരിച്ചടിച്ചു.