റഫാല്‍ ഇടപാടിലെ സുപ്രീംകോടതി വിധി പിടിവള്ളിയാക്കിയ മോദിസര്‍ക്കാര്‍ പുതിയ കുരുക്കില്‍

single-img
16 December 2018

റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ തള്ളിയ ഉത്തരവില്‍ വസ്തുതാപരമായ തിരുത്തല്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഉത്തരവില്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) റിപ്പോര്‍ട്ടിനെക്കുറിച്ചും പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി (പി.എ.സി) യെക്കുറിച്ചും പരാമര്‍ശിക്കുന്ന ഖണ്ഡികയില്‍ തിരുത്തല്‍ ആവശ്യപ്പെട്ടാണ് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്.

കോടതി കേന്ദ്രസര്‍ക്കാരിന്റെ കത്ത് തെറ്റായി വായിച്ചതാണെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടു. സി.എ.ജിക്ക് വിലയെക്കുറിച്ചുള്ള വിവരം കൈമാറിയിട്ടുണ്ട്. സി.എ.ജി റിപ്പോര്‍ട്ട് പി.എ.സി പരിശോധിക്കും എന്നാണ് സുപ്രീം കോടതിയില്‍ നല്‍കിയ കത്തില്‍ പറഞ്ഞതെന്ന് കേന്ദ്രസര്‍ക്കാരിന്റെ തിരുത്തല്‍ അപേക്ഷയില്‍ പറയുന്നു.

‘The pricing details have, however, been shared with the Comtproller and Auditor General (hereinafter referred to as ‘CAG’), and the report of the CAG has been examined by the Public Accounts Committee (hereafter referred to as ‘PAC’). Only a redacted portion of the report was placed before the Parliament, and is in public domain.’ ഇതായിരുന്നു വിവാദത്തിലേക്ക് നയിച്ച സുപ്രീം കോടതിയുടെ 25ാമത്തെ ഖണ്ഡിക.

ഉത്തരവിലെ ഈ ഭാഗം ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ തിടുക്കത്തിലുള്ള നീക്കം. റഫാല്‍ ഇടപാടിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വിശദീകരിച്ചിട്ടില്ലെങ്കിലും കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന് മുന്നില്‍ വെളിപ്പെടുത്തിയിരുന്നുവെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. ഇക്കാര്യം നിഷേധിച്ചുകൊണ്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

വിഷയത്തില്‍ അറ്റോര്‍ണി ജനറലിനെയും സി.എ.ജിയെയും വിളിച്ചുവരുത്തി വിശദീകരണം തേടുമെന്ന് പാര്‍ലമെന്റിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി.എ.സി) അധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ മല്ലികാര്‍ജുന ഖാര്‍ഗെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ട് പി.എ.സിക്ക് നല്‍കിയെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. റിപ്പോര്‍ട്ട് ഇപ്പോള്‍ പരസ്യമാണെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍ എവിടെയാണ് റിപ്പോര്‍ട്ടുള്ളതെന്ന് ഖാര്‍ഗെ ചോദിച്ചിരുന്നു. റഫാല്‍ വിഷയത്തില്‍ സി.എ.ജി റിപ്പോര്‍ട്ടുണ്ടെന്നും അത് പി.എ.സി പരിശോധിച്ചുവെന്നുമുള്ള വിധിയിലെ പരാമര്‍ശം വസ്തുതാ വിരുദ്ധമാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു.

റഫാല്‍ ഇടപാട് സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നത് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളുമാണ്. ഈ വിഷയത്തില്‍ ഇതുവരെ കാര്യമായ പ്രതിപക്ഷ ഐക്യമില്ലായിരുന്നു. എന്നാല്‍, വിധിയിലെ തെറ്റുകളും നിയമസഭാ തിരഞ്ഞെടുപ്പു ഫലവും ചേരുമ്പോള്‍ പ്രതിപക്ഷത്തു കൂടുതല്‍ കക്ഷികള്‍ ജെപിസി വിഷയമുന്നയിക്കുന്ന സ്ഥിതിയായി. സര്‍ക്കാര്‍ വാദങ്ങള്‍ കള്ളമെന്ന് ആരോപിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ രംഗത്തുവന്നതു ശ്രദ്ധേയം.

കോടതിക്ക് അടുത്ത മാസം 2 വരെ അവധിയാണ്. സര്‍ക്കാരിന്റെ അപേക്ഷ ഉടന്‍ പരിഗണിക്കാന്‍ സാധ്യത വിരളം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം.ജോസഫ് എന്നിവരുടെ ബെഞ്ചിന്റേതാണു റഫാല്‍ വിധി. വാക്യങ്ങള്‍ തിരുത്തണമെന്ന അപേക്ഷ, പരോക്ഷമായി പുനഃപരിശോധനാഹര്‍ജിയാണ്. വിധി പറഞ്ഞ ബെഞ്ച് തന്നെ അതു പരിഗണിക്കണം.