റഫാല്‍ വിധി റദ്ദാക്കണമെന്ന് കോണ്‍ഗ്രസ്; കള്ളം ഭക്ഷിച്ച് ജീവിക്കലാണ് കോണ്‍ഗ്രസിന്റെ പണിയെന്ന് മോദി

single-img
16 December 2018

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി റദ്ദാക്കണമെന്ന് കോണ്‍ഗ്രസ്. കേസില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി കേന്ദ്രസര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും, ഇതില്‍ കേന്ദ്രത്തിനെതിരേ കോടതിയലക്ഷ്യ നോട്ടീസ് അയക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ ഡല്‍ഹിയില്‍ പറഞ്ഞു.

റഫാല്‍ ഇടപാടില്‍ കേന്ദ്രം അഴിമതി നടത്തിയെന്ന് ആവര്‍ത്തിച്ച ആനന്ദ ശര്‍മ്മ ഈ തെറ്റിന് പ്രായശ്ചിത്തമായി അവര്‍ ഗംഗാസ്‌നാനം നടത്തേണ്ടിവരുമെന്നും മാധ്യമങ്ങളോട് പറഞ്ഞു. റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യമില്ലെന്നും ഇടപാടില്‍ സംശയമില്ലെന്നും സുപ്രീംകോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏതെങ്കിലുമൊക്കെ കള്ളം ഭക്ഷിച്ച് ജീവിക്കലാണ് കോണ്‍ഗ്രസിന്റെ പണിയെന്ന് മോദി പറഞ്ഞു. റഫാലിലെ സുപ്രീം കോടതി വിധിയോടെ സത്യം വിജയിച്ചു.

കള്ളങ്ങള്‍ക്ക് ആയുസില്ലെന്ന് ഈ വിധിയിലൂടെ തെളിഞ്ഞതായും ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മോദി പറഞ്ഞു. റഫാലില്‍ സുപ്രീം കോടതി പോലും കള്ളം പറയുന്നുവെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

രാജ്യത്തെ ദുര്‍ബലപ്പെടുത്താനുള്ള ശക്തികള്‍ക്കൊപ്പം നില്‍ക്കുകയാണ് കോണ്‍ഗ്രസ്. രാജ്യത്തിന് ഇന്ന് രണ്ട് ഭാഗങ്ങളാണ് ഉള്ളത്. ഒരു ഭാഗത്ത് സര്‍ക്കാര്‍ സൈന്യത്തെയും രാജ്യത്തെത്തന്നെയും ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നു. മറുഭാഗത്ത് വിരുദ്ധശക്തികള്‍ സൈന്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നു.

ആ ശക്തികള്‍ക്കൊപ്പം നില്‍ക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. പ്രതിരോധത്തില്‍ കോണ്‍ഗ്രസിന്റെ ചരിത്രം ക്വത്‌റോച്ചി അങ്കിളിനൊപ്പമുള്ളതാണ്. കുറച്ച് ദിവസം മുമ്പാണ് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ലികോപ്ടര്‍ അഴിമതിക്കേസില്‍ പ്രതിയായ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ രാജ്യത്തേക്ക് കൊണ്ടുവന്നത്. അയാളെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് എങ്ങനെയാണ് അഭിഭാഷകനെ അയച്ചതെന്ന് രാജ്യം കണ്ടതാണ്.

നമുക്ക് രാജ്യമാണ് പാര്‍ട്ടിയെക്കാള്‍ വലുത്. ഞാന്‍ രാജ്യത്തോട് പറയാന്‍ ആഗ്രഹിക്കുകയാണ്, രാജ്യസുരക്ഷയുടെ കാര്യം വരുമ്പോള്‍ സൈന്യത്തിന്റെ, സൈനികരുടെ ഒക്കെ കാര്യം വരുമ്‌ബോള്‍ എന്‍ഡിഎ സര്‍ക്കാര്‍ ദേശീയതാല്പര്യം മാത്രമേ നോക്കുകയുള്ളു.

റായ്ബറേലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ഇതാദ്യമായാണ് മോദി കോണ്‍ഗ്രസ് തട്ടകമായ റായ്ബറേലി സന്ദര്‍ശിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ റായ്ബറേലിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും മുന്‍ സര്‍ക്കാരുകള്‍ മണ്ഡലത്തെ അവഗണിക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. റായ്ബറേലിയില്‍ 1,100 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മോദി തറക്കല്ലിട്ടു. റായ്ബറേലിയിലെ കോച്ച് ഫാക്ടറിയില്‍ നിര്‍മ്മിച്ച 900ാമത്തെ കോച്ച് അദ്ദേഹം ഫഌഗ് ഓഫ് ചെയ്യുകയും ചെയ്തു.